ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിക്കും മുൻ ആരോഗ്യമന്ത്രി മഖ്‍ദൂം ഷഹാബുദ്ദീനും മുൻ ആഭ്യന്തരമന്ത്രി റഹ്‍മാൻ മാലിക്കിനും നേരെ ലൈംഗികാതിക്രമ ആരോപണവുമായി അമേരിക്കൻ ബ്ലോഗർ. പാകിസ്താനിൽ താമസിക്കുന്ന സിന്തിയ ഡി റിച്ചിയാണ് ഗുരുതരമായ ആരോപണമുന്നയിച്ചത്. സാമൂഹികമാധ്യമമായ ഫെയ്‌സ്ബുക്കിലൂടെ സിന്തിയ വെള്ളിയാഴ്ച പുറത്തുവിട്ട ആരോപണം ശരവേഗത്തിലാണ് പരന്നത്.
2011-ൽ ആഭ്യന്തരമന്ത്രിയായിരുന്ന റഹ്മാൻ മാലിക് മന്ത്രിവസതിയിൽവെച്ച് പാനീയത്തിൽ മയക്കുമരുന്നുനൽകി ബലാത്സംഗംചെയ്തെന്നാണ് ആരോപണം. മഖ്‍ദൂം ഷഹാബുദ്ദീനും യൂസുഫ് റാസ ഗിലാനിയും ശാരീരികമായി ഉപദ്രവിച്ചെന്നാണ് പരാതി. യൂസുഫ് റാസ ഗിലാനി അന്ന് ഇസ്‌ലാമാബാദിലെ പ്രസിഡൻറിൻറെ വസതിയിലായിരുന്നു താമസിച്ചിരുന്നത്. ആസിഫ് അലി സർദാരിയായിരുന്നു ആസമയത്ത് പാകിസ്താൻ പ്രസിഡൻറ്. ആരോപണം ഗിലാനി നിഷേധിച്ചു.
സിന്തിയയുടെ ആരോപണം പാകിസ്താൻ പീപ്പിൾസ് പാർട്ടിയെ പ്രതിരോധത്തിലാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ അടുത്തയാഴ്ച പുറത്തുവിടുമെന്നാണ് അവർ പറയുന്നത്. കൊല്ലപ്പെട്ട പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാർട്ടിനേതാവുമായ ബേനസീർ ഭൂട്ടോയുടെയും ഭർത്താവും മുൻ പ്രസിഡന്റുമായ ആസിഫ് അലി സർദാരിയുടെയും ദാമ്പത്യജീവിതം സംബന്ധിച്ച് കഴിഞ്ഞദിവസത്തെ സിന്തിയയുടെ ഒരു ട്വീറ്റ് വിവാദമായിരുന്നു. ട്വീറ്റ് അപകീർത്തികരമാണെന്നുകാട്ടി പാർട്ടിയുടെ പെഷാവർ ജില്ലാ പ്രസിഡൻറ് സുൽഫീഖർ അഫ്‍ഗാനി ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് പരാതിയും നൽകിയിരുന്നു.
Content Highlights: Yousaf Raza Gillani Pakistan