ലണ്ടൻ: താപനില 50 ഡിഗ്രി സെൽഷ്യസ് കടക്കുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയാകുന്നതായി റിപ്പോർട്ട്. 1980-നും 2009-നും ഇടയിൽ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്ന ദിനങ്ങളുടെ ശരാശരി 14 ആയിരുന്നു. എന്നാൽ, 2010-നും 2019-നും ഇടയിൽ ഇതു പ്രതിവർഷം 26 ദിവസങ്ങളായി വർധിച്ചതായി ബി.ബി.സി. റിപ്പോർട്ടുചെയ്തു.

താപനില 45 ഡിഗ്രി സെൽഷ്യസിനോ അതിനുമുകളിലോ വരുന്ന ദിവസങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. 50 ശതമാനം കടന്ന മേഖലകൾ 1980-ലെ 220-ൽനിന്ന്‌ 2010-ൽ 876 ആയും ഉയർന്നിട്ടുണ്ട്.

1980-2009 കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ 2010-’19 സമയത്ത് കൂടിയതാപനില 0.5 ഡിഗ്രി കൂടിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വേനൽക്കാലത്ത് റെക്കോഡ്‌ താപനിലകൾ ഇറ്റലിയിലും (48.8 ഡിഗ്രി സെൽഷ്യസ്) കാനഡയിലും (49.6 ഡിഗ്രി സെൽഷ്യസ്) റിപ്പോർട്ടുചെയ്തിരുന്നു. കിഴക്കൻ യൂറോപ്പ്, തെക്കൻ ആഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ കൂടിയ താപനില ഒരു ഡിഗ്രിയും ആർട്ടിക് മിഡിൽ ഈസ്റ്റ് മേഖലകളിൽ രണ്ടുഡിഗ്രിയും വർധിച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങൾ കത്തിക്കുന്നതാണ് താപനില ഉയരാനുള്ള പ്രധാന കാരണമെന്ന് ഓക്സ്ഫ‍ഡ് സർവകലാശാലയിലെ എൻവയോൺമെന്റൽ ചെയ്ഞ്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അസോസിയേറ്റ് ഡയറക്ടർ ഫ്രീഡെറിക് ഒട്ടോ പറഞ്ഞു.

Content Highlights: World sees twice as many days over 50C due to Climate change