വാഷിങ്ടൺ: ലോങ്മാർച്ച് ബി റോക്കറ്റിന്റെ ഭീമാകാരമായ അവശിഷ്ടങ്ങൾ ഭൂമിയിൽ പതിച്ചതിൽ ചൈനയെ പഴിക്കുകയാണ് ലോകം. ബഹിരാകാശത്ത് ചൈന സ്വന്തമായി സ്ഥാപിക്കുന്ന ടിയാങോങ് നിലയത്തിന്റെ ആദ്യമൊഡ്യൂൾ (ടിയാൻഹി) ഭ്രമണപഥത്തിലെത്തിച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് റോക്കറ്റിന്റെ നിയന്ത്രണം ചൈനീസ് ബഹിരാകാശ ഏജൻസിക്ക് നഷ്ടമായത്.

തിരിച്ചിറങ്ങുന്ന ‘ഡീ ഓർബിറ്റ്’ പ്രക്രിയ ലോങ് മാർച്ചിന്റെ കാര്യത്തിൽ കൃത്യമായിനടന്നില്ല. അതിനുള്ള സൗകര്യം ചൈന റോക്കറ്റിൽ നൽകാത്തതാണ് പ്രശ്നകാരണമെന്ന് യു.എസിലെ ഹാർവാഡ്‌ സ്മിത്ത്‌സോനിയൻ സെന്റർ ഫോർ ആസ്‌ട്രോഫിസിക്സിലെ ഗവേഷകൻ ജൊനാഥൻ മക്‌ഡോവൽ പറഞ്ഞു. അപകടങ്ങൾ ഒഴിവാക്കാൻ റോക്കറ്റിന്റെ രൂപകല്പനയിൽ മാറ്റംവരുത്താൻ ചൈന തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം മറ്റൊരു ചൈനീസ് ലോങ്മാർച്ച് റോക്കറ്റ് ഐവറി കോസ്റ്റിലെ ഗ്രാമത്തിൽ പതിക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.

നാസയുടെ വിമർശനം

റോക്കറ്റിന്റെ വലിയൊരു ഭാഗം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് വീഴാനുള്ള സാധ്യത കണക്കിലെടുക്കുന്നതിൽ ചൈന നിരുത്തരവാദപരമായി പെരുമാറിയെന്ന് യു.എസ്. ബഹിരാകാശ ഏജൻസിയായ നാസയും കുറ്റപ്പെടുത്തി. അപകടമുണ്ടാകാനും ആളുകൾ മരിക്കാൻപോലും സാധ്യതയുണ്ടായിരുന്നെന്നും ചൈന മുൻകരുതൽ സ്വീകരിക്കണമായിരുന്നെന്നും നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു.

അന്തരീക്ഷത്തിൽ പ്രവേശിച്ചത് അറബ്‌ പ്രദേശത്തിനുമുകളിൽ

അറബ് പ്രദേശത്തിനുമുകളിലാണ് റോക്കറ്റ് അന്തരീക്ഷത്തിൽ പ്രവേശിച്ചതെന്ന് യു.എസ്. സ്പേസ് കമാൻഡിന്റെ നിരീക്ഷണം. പിന്നാലെ ഇന്ത്യൻ സമുദ്രത്തിലേക്ക് പതിച്ചു.

മുൻ അനുമാനങ്ങൾ

തുർക്മെനിസ്താനിലാവാം റോക്കറ്റ് പതിക്കുകയെന്ന് യു.എസ്. സൈന്യം നേരത്തേ പ്രവചിച്ചിരുന്നു. ഇൻഡൊനീഷ്യയോട് ചേർന്ന സമുദ്രത്തിലുമായിരിക്കാമെന്ന് റഷ്യയുടെ റോസ്‌കോസ്മോസ് ബഹിരാകാശ ഏജൻസിയും പറഞ്ഞിരുന്നു.

content highlights: world criticises china after rocket debris crashes into indian ocean