കാബൂൾ: അഫ്ഗാനിസ്താനിൽ അവകാശലംഘനങ്ങൾക്കെതിരേ സ്ത്രീകളുടെ പ്രതിഷേധമുയരുന്നതിനിടെ സ്ത്രീവിരുദ്ധ നിലപാട് ആവർത്തിച്ച് താലിബാൻ. “ഒരു സ്ത്രീയ്ക്ക് ഒരിക്കലും മന്ത്രിയാകാൻ സാധിക്കില്ല. അവരുടെ കഴുത്തിലൊരു ഭാരം ചുമത്തുന്നതുപോലെയാണത്. അവർക്കത് താങ്ങാൻ സാധിക്കില്ല. അതിനാൽ മന്ത്രിസഭയിൽ സ്ത്രീകളെ ആവശ്യമില്ല. ഗർഭം ധരിക്കാനും കുഞ്ഞിനു ജന്മംനൽകാനും മാത്രമുള്ളതാണ് സ്ത്രീകൾ. പ്രതിഷേധം നടത്തുന്നവർ യഥാർഥ അഫ്ഗാൻ വനിതകളുടെ പ്രതിനിധികളല്ല.” -താലിബാൻ വക്താവ് സയ്യിദ് സെക്രുള്ള ഹാഷിമി പറഞ്ഞു.

താലിബാൻ പ്രഖ്യാപിച്ച താത്‌കാലിക മന്ത്രിസഭയിൽ സ്ത്രീകൾക്ക്‌ പ്രാതിനിധ്യം നൽകാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടോളോ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് സയ്യീദിന്റെ പ്രതികരണം. നേരത്തേ മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കാബൂളിൽ സ്ത്രീകൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

താലിബാൻ സർക്കാർ ഇന്നു സത്യപ്രതിജ്ഞചെയ്യുമെന്ന് സൂചന

താലിബാൻ തങ്ങളുടെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിനായി യു.എസിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ഇരുപതുവർഷം തികയുന്ന സെപ്റ്റംബർ 11 തിരഞ്ഞെടുത്തേക്കുമെന്ന് സൂചന. ചൈന, തുർക്കി, പാകിസ്താൻ, ഇറാൻ, ഖത്തർ, ഇന്ത്യ, യു.എസ്. രാജ്യങ്ങളെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. കാബൂളിന്റെ നിയന്ത്രണം പിടിച്ചതിനുപിന്നാലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിൽ ഒസാമ ബിൻലാദന് പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പ്രതികരിച്ചിരുന്നു.