കാബൂൾ: അഫ്ഗാനിസ്താനിൽ വധശിക്ഷയും അംഗവിച്ഛേദവും താലിബാൻ തിരികെ കൊണ്ടുവരുന്നു. കുറ്റക്കാരാണെന്ന് തെളിയിക്കപ്പെടുന്നവരുടെ കൈ വെട്ടുന്നതും വധശിക്ഷ നടപ്പാക്കുന്നതും പുനഃസ്ഥാപിക്കുമെന്ന് അഫ്ഗാൻ ജയിലുകളുടെ ചുമതലയുള്ള നീതിന്യായവകുപ്പുമന്ത്രിയും മുതിർന്ന താലിബാൻ നേതാവുമായ നൂറുദ്ദീൻ തുറബി പറഞ്ഞു. പൊതുസ്ഥലത്തുവെച്ച് ശിക്ഷ നടപ്പാക്കുന്നതുസംബന്ധിച്ച് നയം രൂപവത്കരിക്കുമെന്നും നൂറുദ്ദീൻ പറഞ്ഞു.

1996-2001 വരെയുള്ള മുൻഭരണകാലത്ത് കാബൂളിലെ ഫുട്ബോൾ മൈതാനത്തിൽവെച്ച് വധശിക്ഷയും അംഗവിച്ഛേദവുമടക്കമുള്ള ശിക്ഷാവിധികൾ താലിബാൻ നടപ്പാക്കിയിരുന്നു. “മൈതാനത്തിലെ ശിക്ഷകളിൽ എല്ലാവരും ഞങ്ങളെ വിമർശിച്ചു. പക്ഷേ, അവരുടെ ശിക്ഷാവിധികളെക്കുറിച്ച് ഞങ്ങൾ ഒന്നുംപറഞ്ഞിട്ടില്ല. കൈവെട്ടുന്നത് സുരക്ഷയുറപ്പാക്കാൻ വളരെ അത്യാവശ്യമാണ്. ഞങ്ങളുടെ നിയമം എന്തായിരിക്കണമെന്ന് ആർക്കും പറയാനാവില്ല. മതമാണ് തങ്ങൾ പിന്തുടരുന്നത്’’ -അദ്ദേഹം പറഞ്ഞു. താലിബാൻ പ്രഖ്യാപിച്ച താത്‌കാലികമന്ത്രിസഭയിൽ ഐക്യരാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന അംഗങ്ങളിലൊരാളാണ് നൂറുദ്ദീൻ. മോഷണം ആരോപിക്കപ്പെടുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതടക്കമുള്ള ശിക്ഷാരീതികൾ താലിബാൻ ഇതിനകം തുടങ്ങിയിട്ടുണ്ട്.