ഇസ്‌ലാമാബാദ്: ആഭ്യന്തരസംഘർഷങ്ങൾക്കു പിന്നാലെ കൊടുംക്ഷാമമനുഭവിക്കുന്ന അഫ്ഗാനിസ്താനിലേക്ക് ഇന്ത്യയിൽനിന്ന് വാഗാ അതിർത്തിവഴി മരുന്നും ഗോതമ്പുമെത്തിക്കാൻ അനുവദിക്കുമെന്ന് പാകിസ്താൻ. ഇന്ത്യ കഴിഞ്ഞമാസം 50,000 മെട്രിക് ടൺ ഗോതമ്പും ജീവൻരക്ഷാ മരുന്നുകളും അഫ്ഗാനിസ്താനു നൽകാമെന്നേറ്റിരുന്നു. ഇത് പാകിസ്താനിലെ വാഗാ വഴി കൊണ്ടുപോവാൻ അനുവദിക്കണമെന്നും ഇന്ത്യ അഭ്യർഥിച്ചിരുന്നു. സഹോദരസ്ഥാനത്തുള്ള അഫ്ഗാനിസ്താനിലെ ജനങ്ങളുടെ നന്മയുദ്ദേശിച്ചാണ് അനുമതി നൽകാൻ തീരുമാനിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പാകിസ്താൻ പറഞ്ഞു.