വാഷിങ്ടൺ: ലോകാരോഗ്യസംഘടനയിൽ (‍ഡബ്ല്യു.എച്ച്.ഒ.) നിന്നുള്ള പിൻവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച ഇക്കാര്യം യു.എസ്., യു.എൻ. സെക്രട്ടറി ജനറലിനെ അറിയിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റീഫൻ ഡുജാറിക് അറിയിച്ചു. പിൻവാങ്ങലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ സെക്രട്ടറി ജനറൽ പരിശോധിച്ചതായും ഡുജാറിക് പറഞ്ഞു.

ലോകാരോഗ്യസംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന് പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപ് യു.എസ്. കോൺഗ്രസിനെ അറിയിച്ചതായി സെനറ്റിലെ വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റ് അംഗമായ റോബർട്ട് മെനെൻഡെസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

വിഷയത്തിൽ യു.എസിനെതിരേ വിമർശനവുമായി ചൈന രംഗത്തെത്തി. കരാറുകളിൽനിന്നും കൂട്ടായ്മകളിൽ നിന്നുമുള്ള പിൻവാങ്ങൽ യു.എസ്. തുടരുന്ന ഏകപക്ഷീയമായ നിലപാടുകൾക്ക് ഉദാഹരണമാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹാവോ ലിജിയാൻ പറഞ്ഞു. വൈറസിന്റെ ഉദ്‌ഭവം കണ്ടെത്താനുള്ള പരിശോധന ചൈനയിലും മറ്റു രാജ്യങ്ങളിലുമായി പുരോഗമിക്കുകയാണെന്നും യു.എസ്. ഉന്നയിച്ച ആരോപണങ്ങളിൽ ഡബ്ല്യു.എച്ച്.ഒ.യെ ന്യായീകരിച്ച് ഹാവോ ലിജിയാൻ പറഞ്ഞു.

കോവിഡ് രോഗപ്രതിരോധത്തിൽ നിർണായക പങ്കാണ് ഡബ്ല്യു.എച്ച്.ഒ. വഹിച്ചത്. അവർക്കുള്ള പിന്തുണ വൈറസിനെതിരായുള്ള പോരാട്ടത്തിനും കൂടുതൽ ജീവൻ രക്ഷിക്കാനും സഹായകമാവും. യു.എസിന്റെ നീക്കം അന്താരാഷ്ട്ര പകർച്ചവ്യാധിവിരുദ്ധ നടപടികളെ ദുർബലപ്പെടുത്തും. അടിയന്തരമായി പിന്തുണ ആവശ്യമുള്ള വികസ്വര രാജ്യങ്ങളിൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. ലോകത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ യു.എസ്. തയ്യാറാകണം. പൊതുജനാരോഗ്യം സംരക്ഷിക്കാൻ ലോകാരോഗ്യസംഘടനയെ പിന്തുണയ്ക്കാൻ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും ഹാവോ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധത്തിൽ കൃത്യമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി മേയിൽ സംഘടനയിൽനിന്നു പിൻവാങ്ങുന്നതായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ മധ്യത്തോടെ സാമ്പത്തിക സഹായം നിർത്തിവെച്ച ട്രംപ്,‍ സംഘടന ചൈനയുടെ പക്ഷംപിടിക്കുന്നതായും ആരോപിച്ചിരുന്നു.

Content Highlights: WHO US