വുഹാൻ: കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ച് പഠിക്കാൻ ചൈനയിലെത്തിയ ലോകാരോഗ്യസംഘടനയിലെ (ഡബ്ല്യു.എച്ച്.ഒ.) വിദഗ്ധസംഘം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യു.ഐ.വി.) സന്ദർശിച്ചു. ലാബിലെ ജീവനക്കാരുമായി സംഘം കൂടിക്കാഴ്ച നടത്തി.

പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷി ഹെങ്കി ഉൾപ്പെടെയുള്ള ഡബ്ല്യു.ഐ.വി. ജീവനക്കാരെയാണ് സംഘം കണ്ടത്. വവ്വാലുകളിലെ കോവിഡ് വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഷിക്ക് ‘ബാറ്റ് വുമൺ’ എന്നും വിളിപ്പേരുണ്ട്. മൂന്നരമണിക്കൂറോളം സംഘം ഇൻസ്റ്റിറ്റ്യൂട്ടിൽ ചെലവിട്ടു.

സുപ്രധാന ചർച്ചകൾ നടത്തിയെന്നും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടികൾ ലഭിച്ചെന്നും സംഘാംഗം പീറ്റർ ഡാസക് ട്വിറ്ററിലൂടെ പ്രതികരിച്ചു. കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായത് ഡബ്ല്യു.ഐ.വി.യിലുണ്ടായ ചോർച്ചയാണെന്ന ശക്തമായ പ്രചാരണം നിലവിലുണ്ട്. എന്നാൽ, ഷി അടക്കമുള്ള ശാസ്ത്രജ്ഞർ ഈ വാദം തള്ളിയിരുന്നു.