ജനീവ: ലോകത്ത് ഒരുദിവസമുണ്ടാകുന്ന കോവിഡ് ബാധ റെക്കോഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്ച രോഗം ബാധിച്ചത്. വെള്ളിയാഴ്ച 6,45,410 പേർക്ക് രോഗം ബാധിച്ചിരുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. നവംബർ ഏഴിന് 6,14,013 പേർക്കും രോഗം റിപ്പോർട്ടുചെയ്തിരുന്നു.

ഇറ്റലി- ആദ്യഘട്ടത്തിൽ ചൈനയ്ക്കുപിന്നാലെ രോഗം പടർന്നുപിടിച്ച ഇറ്റലി പിന്നീട് കോവിഡിനെ നിയന്ത്രിച്ചിരുന്നു. എന്നാൽ, ഒക്ടോബർ അവസാനത്തോടെ വ്യാപനത്തിന്റെ രണ്ടാംഘട്ട സൂചനകൾ നൽകി. ശരാശരി 30,000-ത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത പത്തുദിവസം രോഗത്തെ നിയന്ത്രിക്കുന്നതിൽ നിർണായകമായിരിക്കുമെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബർട്ടോ സ്പെർനാസ പ്രതികരിച്ചു.

ബ്രിട്ടൻ-രോഗവ്യാപനം രൂക്ഷമായതിനെത്തുടർന്ന് രാജ്യത്ത് ലോക്ഡൗൺ തുടരുകയാണ്. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പുതിയ കേസുകളുടെ എണ്ണത്തിൽ നേരിയകുറവ് വന്നിട്ടുണ്ട്. ഡിസംബർ രണ്ടിനാകും ലോക്ഡൗൺ അവസാനിക്കുക. സ്കോട്ട്‌ലൻഡ്, വെയിൽസ്, അയർലൻഡ് എന്നിവിടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

യു.എസ്.- രോഗികളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നതിനുപിന്നാലെ മിഷിഗൻ, വാഷിങ്ടൺ, കാലിഫോർണിയ, ടെക്സാസ്, നോർത്ത് ഡെക്കോട്ട ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്കൂളുകളും കോളേജുകളും അടയ്ക്കാനും ഭക്ഷണശാലകളിൽ ഭക്ഷണം വിളന്പുന്നതും കായിക മത്സരങ്ങളും നിർത്തിവെക്കാനും മിഷിഗൻ ഗവർണർ ഗ്രെച്ചൻ വിറ്റ്മെർ ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ. തിരഞ്ഞെടുപ്പിനുപിന്നാലെ യു.എസിൽ രോഗികളുടെ എണ്ണത്തിൽ വൻവർധനയുണ്ടായി. പ്രതിദിനം രോഗികളുടെ എണ്ണം ഒരുലക്ഷത്തിലേറെയാണ്.

ഫ്രാൻസ്- കോവിഡ് ഏറ്റവും ഉയർന്ന നിലയിലായിരുന്ന ഫ്രാൻസിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രതിദിനം രോഗബാധിതരാകുന്നവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുകയായിരുന്നത് ഇരുപതിനായിരത്തോളമായി കുറഞ്ഞിട്ടുണ്ട്. കോവിഡിന്റെ അപകടകരമായ നില രാജ്യം മറികടന്നതായി ഫ്രഞ്ച് ആരോഗ്യമന്ത്രി ഒളിവർ വെറാൻ തിങ്കളാഴ്ച പ്രത്യാശ പ്രകടിപ്പിച്ചു.

ചൈന-കോവിഡിന്റെ ഉദ്‌ഭവകേന്ദ്രമായി കണക്കാക്കുന്ന ചൈനയിൽ നിലവിൽ 385 സജീവ രോഗബാധിതർ മാത്രമാണുള്ളത്. എന്നാൽ, കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെ മറ്റുരാജ്യങ്ങളിൽനിന്നെത്തുന്ന ഭക്ഷ്യസാധന പാക്കേജുകളിൽ കോവിഡ് വൈറസിനെ കണ്ടെത്തുന്നതായി അധികൃതർ അറിയിക്കുന്നുണ്ട്.