വാഷിങ്ടണ്‍: മോദി സര്‍ക്കാറിലുള്ളതിനേക്കാള്‍ കൂടുതല്‍ സിഖുകാര്‍ തന്റെ മന്ത്രിസഭയിലുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡെയ്. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് ട്രുഡെയ് തന്റെ സിഖ് പ്രേമം വ്യക്തമാക്കിയത്.
 
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുള്ള ജാന്‍ എന്ന വിദ്യാര്‍ത്ഥി ട്രുഡെ മന്ത്രിസഭയില്‍ പഞ്ചാബികളെ ഉള്‍പ്പെടുത്തിയതിനെ അഭിനന്ദിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.കഴിഞ്ഞ നവംബറിലാണ് ട്രുഡെ മന്ത്രിസഭ അധികാരത്തിലെത്തിയത്. കാനഡ വംശജരായ നാല് സിഖുകാരാണ് മന്ത്രിസഭയിലുള്ളത്.
 
ഇതില്‍ കാനഡ സൈന്യത്തില്‍നിന്ന് വിരമിച്ച ഹര്‍ജിത് സജ്ജന്‍ പ്രതിരോധ മന്ത്രിയും അമര്‍ജീത്ത് സോഹി വിഭവശേഷി മന്ത്രിയും ബാര്‍ദിഷ് ഛഗാര്‍ ചെറുകിട വ്യവസായമന്ത്രിയും നവദീപ് സിങ് ബെയ്ന്‍സ് നൂതനാശയവകുപ്പ് മന്ത്രിയുമാണ്. ഇതിനുപുറമെ 17 സിഖ് എം.പിമാരും സഭയിലുണ്ട്. ഇതാദ്യമായാണ് കാനഡ മന്ത്രിസഭയില്‍ ഇത്രയുമധികം സിഖുകാര്‍ തിരഞ്ഞെടുക്കപ്പെടുന്നത്.മേനകാഗാന്ധിയും ഹര്‍സിമ്രത് കൗറുമാണ് മോദിമന്ത്രിസഭയിലെ സിഖുകാര്‍.