ജനീവ: ലോകം കോവിഡ് മൂന്നാം തരംഗത്തിന്റെ ആദ്യ ഘട്ടത്തിലെത്തിയതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) തലവൻ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്. ഡെൽറ്റ വകഭേദം വ്യാപിക്കുന്നതും സാമൂഹിക ഇടപെടലുകൾ വർ‌ധിച്ചതും പ്രതിരോധമാർഗങ്ങൾ കൃത്യമായി ഉപയോഗിക്കാത്തതും രോഗികളുടെ എണ്ണവും മരണസംഖ്യയും ഉയരുന്നതിന് കാരണമാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡെൽറ്റ വകഭേദം ഇതുവരെ 111 രാജ്യങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അധികംവൈകാതെ ഇത്‌ ലോകമെങ്ങും വ്യാപിക്കും. വൈറസ് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതിൻറെ ഭാഗമായി കൂടുതൽ വ്യാപനശേഷിയുള്ള വകഭേദങ്ങളുണ്ടാകാമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നൽകി. ‘‘വാക്സിൻ വിതരണം യൂറോപ്പിലും വടക്കേ അമേരിക്കയിലും രോഗവ്യാപനം കുറച്ചിരുന്നു. എന്നാൽ, ഇതുവരെയും വാക്സിൻ ലഭിച്ചിട്ടില്ലാത്ത രാജ്യങ്ങളുണ്ട്” -ടെഡ്രോസ് ചൂണ്ടിക്കാട്ടി.

തുടർച്ചയായ ഒമ്പതാഴ്ച കുറവുണ്ടായതിനുശേഷം ലോകത്ത് കോവിഡ് മരണസംഖ്യ കഴിഞ്ഞയാഴ്ച വർധിച്ചതായി ഡബ്ല്യു.എച്ച്.ഒ. ബുധനാഴ്ച അറിയിച്ചു. 55,000 പേർക്കാണ് കഴിഞ്ഞയാഴ്ച ജീവൻ നഷ്ടമായത്. മൂന്നുശതമാനമാണ് വർധന. രോഗികളുടെ എണ്ണം പത്തുശതമാനവും വർധിച്ചിട്ടുണ്ട്. ബ്രസീൽ, ഇന്ത്യ, ഇൻഡൊനീഷ്യ, ബ്രിട്ടൻ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതൽ.

Content Highlights: We are now in early stages of COVID-19 third wave: WHO chief