വാഷിങ്ടൺ: ഞായറാഴ്ചകളിൽ അവധിനൽകാതെ പണിയെടുപ്പിച്ചതിന് ജീവനക്കാരിക്ക് ആഡംബരഹോട്ടൽ 2.15 കോടി ഡോളർ (ഏകദേശം 150 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്ന് കോടതി. മതപരമായ അവകാശങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആഡംബര ഹോട്ടൽ കോൺറാഡിലെ ജീവനക്കാരിയായിരുന്ന മേരി ജീൻ പിയറി (60) നൽകിയ പരാതിയിലാണ് മയാമികോടതിയുടെ വിധി.

10 വർഷത്തോളം ഹോട്ടലിലെ അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കുന്ന തൊഴിലാളിയായിരുന്നു മേരി. 2006-ലാണ് ഇവർ ജോലിയിൽചേർന്നത്. സുവിശേഷ പ്രാസംഗികയാണെന്നും ഞായറാഴ്ചകളിൽ അവധിവേണമെന്നും ജോലിയിൽപ്രവേശിക്കുമ്പോൾ മേരി ഹോട്ടലധികൃതരെ അറിയിച്ചിരുന്നു. പാവങ്ങളെ സഹായിക്കുന്നതിനായി രൂപവത്കരിച്ച സോൾജ്യേഴ്സ് ഓഫ് ക്രൈസ്റ്റ് ചർച്ചിലെ അംഗമായിരുന്നു ഹെയ്തിയിൽനിന്നുള്ള കുടിയേറ്റക്കാരിയായ മേരി.

ആദ്യത്തെ വർഷങ്ങളിൽ ഞായറാഴ്ചകളിൽ അവധിയെടുക്കാൻ മേരിയെ അനുവദിച്ചിരുന്നു. 2015 മുതൽ അവധിനൽകാൻ മേലുദ്യോഗസ്ഥർ വിസമ്മതിച്ചു. മറ്റുജീവനക്കാരുമായി സഹകരിച്ച് ജോലിസമയം പരസ്പരം വെച്ചുമാറി കുറച്ചുകാലം മുന്നോട്ടുപോയെങ്കിലും 2016 മാർച്ചിൽ കമ്പനി മേരിയെ പിരിച്ചുവിട്ടു. അപമര്യാദയായി പെരുമാറി, അകാരണമായി അവധിയെടുത്തു, ജോലിയിൽ വീഴ്ചവരുത്തി എന്നീ കുറ്റങ്ങളാരോപിച്ചായിരുന്നു നടപടി. ഇതിനെതിരേ ഹോട്ടൽ ഉടമസ്ഥരായ പാർക്ക് ഹോട്ടൽസ് ആൻഡ് റിസോർട്ട് ഓഫ് ടൈസൻസിനെ പ്രതിചേർത്ത് മേരി കോടതിയെ സമീപിച്ചു. നിറം, വംശം, മതം, ദേശീയത, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിലെ വിവേചനം തടയുന്ന 1964-ലെ സിവിൽ അവകാശനിയമം ഹോട്ടൽ ലംഘിച്ചു എന്നായിരുന്നു മേരിയുടെ പരാതി.

പരാതിയിൽ കഴമ്പുണ്ടെന്ന് സ്ഥിരീകരിച്ച കോടതി തിങ്കളാഴ്ചയാണ് വിധി പറഞ്ഞത്. 36,000 ഡോളർ (ഏകദേശം 25 ലക്ഷം രൂപ) വേതനത്തിന്റെയും മറ്റാനുകൂല്യങ്ങളുടെയും ഇനത്തിലും അഞ്ചുലക്ഷം ഡോളർ (ഏകദേശം 3.5 കോടി രൂപ) മേരി നേരിട്ട മാനസികവൈഷമ്യത്തിനും ബാക്കിതുക നഷ്ടപരിഹാരമെന്ന നിലയ്ക്കും നൽകണമെന്നാണ് വിധി.

Content Highlights: Washington, Hotel