തലിസായ് സിറ്റി(ഫിലിപ്പീൻസ്): ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ അഗ്നിപർവതം ശക്തമായ മിന്നലിന്റെ അകമ്പടിയോടെ തീതുപ്പുന്നു. സ്ഫോടന മുന്നറിയിപ്പിനെത്തുടർന്ന് 10,000 പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സമീപത്ത് താമസിക്കുന്ന അഞ്ചുലക്ഷം പേർക്ക് മുന്നറിയിപ്പ് നൽകി.

മനിലയിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 286 വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കിയിരുന്നു. ഇതിൽ ചിലത് തിങ്കളാഴ്ച സർവീസ് നടത്തി. സ്കൂളുകളും സർക്കാർ ഓഫീസുകളും ഫിലിപ്പീൻ സ്റ്റോക് എക്സ്ചേഞ്ചും അടച്ചു.

മനിലയിൽനിന്ന് 60 കിലോമീറ്റർ ദൂരെയുള്ള തടാകത്തിനു മധ്യത്തിലുള്ള താൽ അഗ്നിപർവത്തിൽനിന്ന് തിങ്കളാഴ്ച രാവിലെമുതലാണ് ലാവ പ്രവഹിക്കാൻ തുടങ്ങിയത്. ഞായറാഴ്ച ഇതിൽനിന്ന് വലിയതോതിൽ പുകയും ചാരവും പുറത്തുവന്നിരുന്നു.

ഫിലിപ്പീൻസിലെ ഏറ്റവും സക്രിയമായ അഗ്നിപർവതമാണ് താൽ. തീവ്രതകൂടിയാൽ പ്രഖ്യാപിക്കുന്ന ലെവൽ നാല് ജാഗ്രതയാണ് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൊൾക്കാനോളജി ആൻഡ് സീസ്മോളജി പുറപ്പെടുവിച്ചിട്ടുള്ളത്. വലിപ്പത്തിൽ ചെറുതെങ്കിലും വലിയ ജനവാസമേഖലയ്ക്ക് അടുത്തായതിനാലാണ് ഇത്. തിങ്കളാഴ്ച രാവിലെ മുതൽ പുറത്തുവരുന്ന ലാവ വലിയൊരു സ്ഫോടനത്തിന്റെ മുന്നറിയിപ്പായിരിക്കാമെന്നാണ് വിലയിരുത്തൽ.

ഞായറാഴ്ച അഗ്നിപർവതത്തിൽനിന്ന് 15 കിലോമീറ്റർ ഉയത്തിലേക്ക് പുകയും ചാരവും വമിച്ചു. സ്ഫോടന മുന്നറിയിപ്പിന് പുറമേ തടാകത്തിൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടുന്നുണ്ട്.

അഞ്ച്‌ നൂറ്റാണ്ടിനിടെ താൽ അഗ്നിപർവതം 30 തവണ പൊട്ടിത്തെറിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ പൊട്ടിത്തെറിച്ചത് 1977-ലാണ്. രണ്ടുവർഷം മുമ്പ് മയോൺ അഗ്നിപർവതം പൊട്ടിത്തെറിച്ച് മധ്യ ബൈകോൾ മേഖലയിൽ പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. എന്നാൽ, 1991-ൽ പിനാറ്റുബൊ പൊട്ടിത്തെറിച്ചാണ് രാജ്യംകണ്ട ഏറ്റവും വലിയ അഗ്നിപർവതദുരന്തം ഉണ്ടായത്. മനിലയ്ക്ക് വടക്കുപടിഞ്ഞാറ് 100 കിലോമീറ്റർ അകലെയുള്ള അഗ്നിപർവതസ്ഫോടനത്തിൽ 800-ലധികം പേരാണ് അന്ന് മരിച്ചത്.

Content Highlights: Volcano erupts in Philippines