മോസ്കോ: പാർക്കിൻസൺസ് രോഗത്തെത്തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ അടുത്തവർഷം ജനുവരിയോടെ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് അഭ്യൂഹം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് സ്ഥാനമൊഴിയാൻ പുതിന്റെ പങ്കാളി അലിന കബേവയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബം ആവശ്യപ്പെടുന്നതായി രാഷ്ട്രീയഗവേഷകൻ വലേറി സോലോവേയിയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നു.
“കുടുംബം അദ്ദേഹത്തിനുമേൽ ചെലുത്തുന്ന സമ്മർദ്ദം വളരെ വലുതാണ്. അധികാരം കൈമാറാനുള്ള തീരുമാനം ജനുവരിയോടെ പരസ്യമാക്കാനാണ് പുതിൻ ലക്ഷ്യമിടുന്നത്” -വലേറി പറഞ്ഞു.
പുതിന് പാർക്കിൻസൺസ് രോഗമായേക്കാമെന്നും അടുത്തിടെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും വലേറി അഭിപ്രായപ്പെടുന്നു.
“പുതിന്റെ സമീപകാലദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ കാലുകൾ വിറയ്ക്കുന്നതായും വേദന കടിച്ചമർത്താനായി കസേരയുടെ കൈകളിൽ മുറുകെപിടിക്കുന്നതായും കാണാം. പേന പിടിക്കുമ്പോൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ട്. വേദനസംഹാരികൾ നിറച്ച ചായക്കോപ്പയാണ് പുതിന്റെ കൈയിലുള്ളത്” -വലേറി ചൂണ്ടികാട്ടി.
പുതിൻ തന്റെ പിൻഗാമിയെ വൈകാതെ പ്രധാനമന്ത്രിയായി നിയമിക്കുമെന്ന് വലേറി പറഞ്ഞതായി യു.എസിലെ സൺ മാധ്യമം റിപ്പോർട്ടുചെയ്തു. മുൻ പ്രസിഡന്റുമാരെ കുറ്റവിചാരണയിൽനിന്നു ജീവിതകാലം മുഴുവൻ ഒഴിവാക്കാനുള്ള ഭരണഘടനാഭേദഗതിക്ക് റഷ്യ ഒരുങ്ങുന്നതായുള്ള വാർത്തകൾക്കുപിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
Content Highlights: Vladimir Putin Russia