വ്ളാദിവോസ്റ്റോക്: സുരക്ഷസംബന്ധിച്ച് ഉറപ്പുനൽകിയാൽ ഉത്തരകൊറിയ ആണവനിരായുധീകരണത്തിന് തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. ഉത്തരകൊറിയ അണ്വായുധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാണ്. എന്നാൽ, വിവിധ രാജ്യങ്ങളുടെ ഉറപ്പ് വേണമെന്നാണ് ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ പറയുന്നത്. വ്ലാദിവോസ്റ്റോക്കിലെ പസഫിക് തുറമുഖ നഗരത്തിൽ കിമ്മുമായി നടന്ന ഉച്ചകോടിക്കുശേഷം സംസാരിക്കുകയായിരുന്നു പുതിൻ.
യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉത്തരകൊറിയയിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ കിം തന്നെ പ്രോത്സാഹിപ്പിച്ചതായും ട്രംപുമായി നടത്തിയ ഉച്ചകോടിയുടെ വിശദാംശങ്ങൾ പങ്കുവെക്കാൻ അദ്ദേഹം തയ്യാറായതായും പുതിൻ പറഞ്ഞു. ഇതിനെക്കുറിച്ച് ചൈനീസ് നേതൃത്വവുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കിമ്മുമായുള്ള ഉച്ചകോടിക്കുശേഷം രണ്ടുദിവസത്തെ സന്ദർശനത്തിനായി പുതിൻ ചൈനയിലേക്ക് പോകും.