ന്യൂയോർക്ക്: വിഖ്യാത ചിത്രകാരൻ വിൻസൻറ് വാൻഗോഗിന്റെ ജലച്ചായ ചിത്രം ലേലത്തിന്. രണ്ടാം ലോകയുദ്ധകാലത്ത് നാസികൾ പിടിച്ചെടുത്ത ചിത്രമാണ് പ്രമുഖ ലേലകമ്പനിയായ ക്രിസ്റ്റീസ് ലേലത്തിന് വെച്ചത്. ചിത്രത്തിന് 225 കോടി രൂപയോളം (മൂന്നുകോടി യു.എസ്. ഡോളർ) ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിന്റെ നിലവിലെ ഉടമ എണ്ണവ്യാപാരി എഡ്‌വിൻ കോക്സാണ്. വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കോക്സും ചിത്രത്തിന്റെ മുൻ അവകാശികളായ മെയിരോസ്കി, റോത്ത്സ്ചൈൽഡ് എന്നീ ജൂതകുടുംബങ്ങളിലെ പിന്മുറക്കാരും ചേർന്ന് പങ്കിടും. ‘ഗോതമ്പു കൂമ്പാരം’ എന്നുപേരുള്ള ചിത്രം 1888-ലാണ് വാൻഗോഗ് വരയ്ക്കുന്നത്.

ബർലിൻ ആസ്ഥാനമായിപ്രവർത്തിച്ചിരുന്ന സംരംഭകൻ മാക്സ് മെയിരോസ്കി 1913-ൽ ചിത്രം വാങ്ങിച്ചിരുന്നു. എന്നാൽ, 1938-ൽ നാസികൾ ജർമനിയുടെ അധികാരം പിടിച്ചതോടെ ജൂതനായ മാക്സ് രാജ്യം വിട്ടു.

ഇതോടെ ചിത്രം പാരീസിൽ ജോലിചെയ്തിരുന്ന ജർമൻ ഇടപാടുകാരൻ പോൾ ഗ്രൗപേയുടെ കൈയിലെത്തി. ഇയാളിൽനിന്ന് ഫ്രഞ്ച് ബാങ്കറായ അലെക്സണ്ടറൈൻ ദേ റോത്ത്സ്ചൈൽഡ് ചിത്രം വാങ്ങി. രണ്ടാം ലോകയുദ്ധം തുടങ്ങിയതോടെ റോത്ത്സ്ചൈൽഡ് സ്വിറ്റ്സർലൻഡിലേക്കു കടന്നു. ഫ്രാൻസിലെ ജർമൻ അധിനിവേശത്തോടെ ചിത്രം നാസികൾ കൈക്കലാക്കി.

യുദ്ധത്തിനുശേഷം ചിത്രം ആരുടെയെല്ലാം ഉടമസ്ഥതയിലായിരുന്നു എന്നത് വ്യക്തമല്ല. 1978-ൽ ന്യൂയോർക്കിലെ വിൽ‍ഡെൻസ്റ്റെയ്ൻ ഗാലറിയിൽ പ്രദർശനത്തിനുവെച്ച ചിത്രം പിറ്റേവർഷം കോക്സ് കുടുംബം സ്വന്തമാക്കുകയായിരുന്നു. നവംബർ 11-നാകും ലേലം നടക്കുക.