റോം: ആദ്യമായി വിശദമായ ആസ്തിവിവരം വെളിപ്പെടുത്തി വത്തിക്കാൻ. ഇറ്റലിയിലും വിദേശത്തുമായി അയ്യായിരത്തിലേറെ റിയൽ എസ്റ്റേറ്റ് ആസ്തികളുണ്ടെന്നാണ് ശനിയാഴ്ച വത്തിക്കാൻ വെളിപ്പെടുത്തിയത്. ലോകത്തൊട്ടാകെയുള്ള കാര്യാലയങ്ങൾക്കുപുറമേയാണിത്. ഇറ്റലിയിൽ 4051-ഉം വിദേശത്ത് 1120-ഉം ആസ്തികളുണ്ട്.

ഇറ്റലിയിലെ 14 ശതമാനം വസ്തുക്കൾ മാത്രമാണ് വിപണിവിലയിൽ വാടകയ്ക്കുകൊടുത്തിയിരിക്കുന്നത്. ബാക്കിയുള്ളവ പള്ളികളിലെ ജീവനക്കാർ അടക്കമുള്ളവർക്ക് കുറഞ്ഞ തുകമാത്രം ഈടാക്കി ഉപയോഗിക്കാൻ നൽകിയിരിക്കുകയാണ്. 40 ശതമാനത്തിലും സ്കൂൾ, മഠങ്ങൾ, ആശുപത്രികൾ എന്നിവ പ്രവർത്തിക്കുന്നു. ലണ്ടൻ, ജനീവ, പാരീസ്, ലുവാസൻ എന്നിവിടങ്ങളിലും സ്വത്തുക്കളുണ്ട്. 2014-ൽ ലണ്ടനിലെ സൗത്ത് കെൻസിങ്ടണിലുള്ള ഒരു കെട്ടിടം നിക്ഷേപമെന്ന നിലയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് വാങ്ങിയത് വലിയ നഷ്ടമുണ്ടാക്കി. ഹോളി സീയുടെ 2020-ലെ ഏകീകൃത സാമ്പത്തിക പ്രസ്താവന, അഡ്മിനിസ്ട്രേഷൻ ഓഫ് ദ പാട്രിമണി ഓഫ് ദ ഹോളി സീയുടെ (അപ്സ) ആദ്യ പൊതുബജറ്റ് എന്നിവയിലൂടെയാണ് വത്തിക്കാൻ വിവരങ്ങൾ പുറത്തുവിട്ടത്. വത്തിക്കാന്റെ റിയൽ എസ്റ്റേറ്റ്, നിക്ഷേപം, ശമ്പളം തുടങ്ങിയവയും മാനവവിഭവശേഷിയും കൈകാര്യംചെയ്യുന്ന വകുപ്പാണ് അപ്സ.