റോം: കൃത്യമായ ഇടവേളകളിൽ പ്രതിരോധകുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തി ഇറ്റലി. നിർബന്ധിത വാക്സിനേഷനുമായി ബന്ധപ്പെട്ട് രാജ്യത്ത് ദേശീയതലത്തിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നതിനിടെയാണിത്.

പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളെ സ്കൂളിലയച്ചാൽ രക്ഷിതാക്കൾ 560 ഡോളർ (ഏകദേശം 39,000 രൂപ) പിഴയൊടുക്കണം. ആറുവയസ്സിനുതാഴെയുള്ള കുട്ടികൾക്കാണെങ്കിൽ സ്കൂളിൽ പ്രവേശനം നൽകില്ലെന്നും ഇറ്റലിയിലെ പുതിയ നിയമത്തിൽ പറയുന്നു. രാജ്യത്ത് അഞ്ചാംപനി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയനിയമം പാസാക്കിയത്.

സ്കൂളിൽ ചേർക്കുന്നതിനുമുമ്പ് ചിക്കൻപോക്സ്, പോളിയോ, അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല തുടങ്ങിയവയ്ക്കുൾപ്പെടെ കുട്ടികൾക്ക് പ്രതിരോധമരുന്ന് നൽകിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ലോറെൻസിൻ എന്നപേരിലുള്ള നിയമം. പ്രതിരോധ കുത്തിവെപ്പെടുത്തുവെന്നതിന് തെളിവ് ഹാജരാകാത്ത ആറുവയസ്സിൽത്താഴെയുള്ള കുട്ടികൾക്ക് നഴ്സറികളിലോ കിൻറർഗാർട്ടനിലോ പ്രവേശനം നൽകില്ല.

content highlights: vaccination, Italy, School