മനില: ഫിലിപ്പീൻസിൽ ഉസ്‍മാൻ കൊടുങ്കാറ്റിലും തുടർന്നുണ്ടായ മണ്ണിടിച്ചിലിലും 68 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ഫിലിപ്പീൻസ് പ്രതിരോധവൃത്തങ്ങൾ പറഞ്ഞു. പർവതപ്രദേശമായ ബൈക്കോൾ പ്രവിശ്യയിൽ 57 പേരും സമർ ദ്വീപിൽ 11 പേരുമാണ് മരിച്ചത്. മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമാണ് കൂടുതൽ പേരുടെയും മരണത്തിനിടയാക്കിയത്. 17 പേരെ കാണാതാവുകയും 40,000 പേർക്ക് വീടും സ്ഥലവും നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഫിലിപ്പീൻസ് പ്രതിരോധവകുപ്പ് അറിയിച്ചു.

ശനിയാഴ്ച മുതലാണ് ഫിലിപ്പീൻസിൽ ഉസ്മാൻ കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. അത്ര ശക്തിയേറിയതല്ലെങ്കിലും ഈ കൊടുങ്കാറ്റ് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. കൊടുങ്കാറ്റിനെതിരേ അപകടമുന്നറിയിപ്പൊന്നും അധികൃതർ നൽകിയിരുന്നില്ല. ഇത്‌ ഇപ്പോൾ രാജ്യത്തിന്റെ പടിഞ്ഞാറോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതായി അധികൃതർ പറഞ്ഞു. ഒാരോ വർഷവും ഫിലിപ്പീൻസിൽ ശരാശരി ഇരുപതോളം ചുഴലിക്കാറ്റുകളും കൊടുങ്കാറ്റുകളും ഉണ്ടാവാറുണ്ട്. 2013-ലുണ്ടായ ഹയാൻ ചുഴലിക്കാറ്റാണ് ഇവയിൽ ഏറ്റവും ശക്തിയേറിയത്. അന്ന് കാണാതാവുകയും മരണപ്പെടുകയും ചെയ്തത് 7,360-ലേറെപ്പേരാണ്.

Content Highlights: usman cyclone in Philippines, 68 dead