വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിലേക്ക് 3750 സൈനികരെക്കൂടി അയക്കുമെന്ന് യു.എസ്. പ്രതിരോധവിഭാഗമായ പെന്റഗൺ അറിയിച്ചു. തെക്കുപടിഞ്ഞാറൻ അതിർത്തിയിൽ സുരക്ഷയുടെപേരിൽ വിന്യസിക്കുന്ന സൈനികരുടെ എണ്ണം ഇതോടെ 4350 ആകും. മൂന്നുമാസത്തേക്കാണ് അധികം സൈനികരെ വിന്യസിക്കുന്നതെന്നും പെന്റഗൺ അറിയിച്ചു.

അഭയാർഥികളുടെ ഒഴുക്ക് തടയാൻ മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടണമെന്ന ആവശ്യത്തിന്മേൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ, മതിൽകെട്ടാൻ ബജറ്റിൽ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം യു.എസ്. കോൺഗ്രസിന്റെ ഡെമോക്രാറ്റിക് പ്രതിനിധികൾക്ക് ഭൂരിപക്ഷമുള്ള അധോസഭ അംഗീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ചരിത്രത്തിലാദ്യമായി യു.എസ്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ട്രംപ് നിർത്തിവെച്ചിരുന്നു. പിന്നീട് താത്കാലിക കരാറിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവിധാനങ്ങൾ തുറന്നുപ്രവർത്തിക്കുകയായിരുന്നു.

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സർക്കാർ പ്രവർത്തനം ദീർഘകാലത്തേക്ക് നിർത്തിവെക്കുകയും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ട്രംപ് ഭീഷണിമുഴക്കിയിട്ടുണ്ട്. കരാറിന്റെ കാലാവധി ഫെബ്രുവരി 15-ന് അവസാനിക്കും.

Content Highlights: usa will send more forces to mexican boarder