ന്യൂയോർക്ക്: അശ്ലീല സൈറ്റുകളിൽ നഗ്നവീഡിയോ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യു.എസിലെ പ്രമുഖ ഹോട്ടൽ ശൃംഖല ഹിൽട്ടണെതിരേ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യൺ ഡോളറാണ് ‍(ഏകദേശം 709 കോടി രൂപ) ഷിക്കാഗോ സ്വദേശി യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

കുളിക്കുന്നതിന്റെ വീഡിയോ ഷവറിലൊളിപ്പിച്ച ക്യാമറയിൽ പകർത്തിയെന്നാണ് ആരോപണം. ഹോട്ടലിലെ ജീവനക്കാരാണിതിനുപിന്നിലെന്നും പറയുന്നു.

2015-ൽ നിയമവിദ്യാർഥിനിയായിരിക്കുമ്പോൾ പരീക്ഷ എഴുതാനായാണ് ന്യൂയോർക്ക് സംസ്ഥാനത്തെ അൽബാനിയിലെ ഹാംടൺ ഇന്നിൽ ഇവർ താമസിച്ചത്. 2018 സെപ്റ്റംബറിൽ സൈറ്റിന്റെ വീഡിയോ ലിങ്ക് അടക്കം ഇ-മെയിലിൽ ലഭിച്ചതിനെത്തുടർന്നാണ് വിവരമറിയുന്നത്. വീഡിയോ പരസ്യമാക്കാതിരിക്കാൻ പണം നൽകണമെന്ന് മെയിൽ അയച്ചയാൾ ഭീഷണിപ്പെടുത്തി. അവഗണിച്ചപ്പോൾ വീഡിയോ വിവിധ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു. യുവതിയുടെ പേരിലുണ്ടാക്കിയ വ്യാജ മെയിൽ വിലാസത്തിൽനിന്ന് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും വീഡിയോയുടെ ലിങ്ക് ലഭിക്കുകയുംചെയ്തു. മറ്റുപലരുടെയും വീഡിയോ പകർത്തിയിട്ടുണ്ടെന്ന് ഇ-മെയിൽ അയച്ചയാൾ അറിയിച്ചതായും യുവതി ഹരജിയിൽപറയുന്നു.

താമസക്കാർക്ക് സുരക്ഷയും സ്വകാര്യതയും ഉറപ്പുവരുത്തുന്നതിൽ ഹോട്ടൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ഗുരുതരമായ മാനസികപീഡനമാണ് അനുഭവിച്ചതെന്നും അതിനാലാണ് ഇത്രയുംതുക നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നതെന്നും യുവതി പറയുന്നു.

എന്നാൽ, ആരോപണങ്ങൾ ഹിൽട്ടൺ അധികൃതർ നിഷേധിച്ചു. ഇത്തരമൊരുസംഭവം നടക്കാനിടയില്ലെന്നും രഹസ്യമായി വീഡിയോ പകർത്താൻ സഹായകമായ ഉപകരണങ്ങളൊന്നും ഹോട്ടൽമുറിയിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും മാനേജ്‌മെന്റ് അറിയിച്ചു.