ബെയ്ജിങ്: ഹോങ് കോങ്ങിലെ ജനാധിപത്യപ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമം പാസാക്കിയ യു.എസിനെതിരേ കടുത്ത നടപടിയുമായി ചൈന. യു.എസിന്റെ യുദ്ധക്കപ്പലുകൾക്ക് ഹോങ് കോങ്ങിൽ ഉപരോധമേർപ്പെടുത്തി ചൈന തിങ്കളാഴ്ച ഉത്തരവിറക്കി. തീവ്രവാദ, അക്രമ, ക്രിമിനൽ പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നുവെന്നാരോപിച്ച് യു.എസ്. ആസ്ഥാനമായിപ്രവർത്തിക്കുന്ന ഏതാനും സന്നദ്ധസംഘടനകൾക്കും ചൈന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ നടപടികൾ പിന്നീടുണ്ടായേക്കാമെന്നും ചൈന മുന്നറിയിപ്പുനൽകി.
“യു.എസ്. അവർക്കുപറ്റിയ തെറ്റുതിരുത്തണമെന്നും ഞങ്ങളുടെ ആഭ്യന്തരവിഷയങ്ങളിൽ കൈകടത്തുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുകയാണ്. ഹോങ് കോങ്ങിന്റെ സ്ഥിരതയും ക്ഷേമവും മേഖലയിലെ ചൈനയുടെ പരമാധികാരവും ഉറപ്പുവരുത്താനായി, ആവശ്യമെങ്കിൽ കൂടുതൽ നടപടികളുണ്ടാകും” -ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവാ ചുൻയിങ് പറഞ്ഞു. ഹോങ് കോങ് തുറമുഖത്ത് പ്രവേശിപ്പിക്കണമെന്ന രണ്ടു യു.എസ്. നാവികസേനാക്കപ്പലുകളുടെ അപേക്ഷ ഓഗസ്റ്റിൽ ചൈന നിഷേധിച്ചിരുന്നു.
ഹോങ് കോങ്ങിൽ ആറുമാസമായി തുടരുന്ന ജനാധിപത്യപ്രക്ഷോഭത്തിനെ പിന്തുണച്ച് വ്യാഴാഴ്ചയാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമം പാസാക്കിയത്. ഹോങ് കോങ്ങിന് സ്വയംഭരണമുണ്ടെന്ന് ഉറപ്പുവരുത്താൻ യു.എസ്. വാർഷികാവലോകനം നടത്തുമെന്നതായിരുന്നു മനുഷ്യാവകാശ ജനാധിപത്യനിയമമെന്ന പേരിലെ ബില്ലിലെ പ്രധാനവ്യവസ്ഥ.
ചൈനയും യു.എസുമായുള്ള വ്യാപാരയുദ്ധം മൂന്നുവർഷത്തിലേറെയായി പരിഹാരമില്ലാതെ തുടരുന്നതിനിടെയാണ് ഹോങ് കോങ് വിഷയത്തിലും ഇരുരാജ്യങ്ങളും ഏറ്റുമുട്ടുന്നത്.
Content Highlights: US warships Hong King China