വാഷിങ്ടൺ: ജിബ്രാൾട്ടർ കോടതി വിട്ടുനൽകിയ ഇറാനിയൻ കപ്പൽ ഗ്രേസ്-1 പിടിച്ചെടുക്കാൻ യു.എസ്. വാറന്റ് പുറപ്പെടുവിച്ചു. കപ്പൽ കഴിഞ്ഞദിവസമാണ് ജിബ്രാൾട്ടർ കോടതി വിട്ടുനൽകിയത്.
അന്താരാഷ്ട്രനിയമങ്ങൾ ലംഘിച്ച് സിറിയയിലേക്ക് എണ്ണകടത്തുന്നുവെന്ന് ആരോപിച്ച് കൊളംബിയയിലെ യു.എസ്. ജില്ലാ കോടതിയുടേതാണ് വാറന്റ്. കപ്പൽ യു.എസിന് വിട്ടുനൽകാൻ നേരത്തേ വാഷിങ്ടൺ ജിബ്രാൾട്ടർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കപ്പലിലുള്ള എണ്ണപിടിച്ചെടുത്ത് ഇറാനിയൻ കമ്പനിയുടെ പേരിലുള്ള 9,95,000 ഡോളർ മരവിപ്പിക്കണമെന്നും ഉത്തരവിലുണ്ട്.
കപ്പലും ഇറാനിയൻ കമ്പനിയും സാമ്പത്തികനിയമങ്ങൾ ലംഘിച്ചതായും ബാങ്ക് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരരെ സഹായിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചെയ്തതായും കോടതി പറയുന്നു. ഇറാനിലെ ഇസ്‌ലാമിക് റെവലൂഷണറി ഗാർഡുമായി ഇവർക്കുബന്ധമുണ്ട്. വിദേശ ഭീകരസംഘടനയായാണ് ഇസ്‌ലാമിക് റെവലൂഷണറി ഗാർഡിനെ യു.എസ്. കാണുന്നത്.
എണ്ണയുമായി പോവുകയായിരുന്ന ഗ്രേസ് 1 കപ്പൽ ജിബ്രാൾട്ടർ തീരത്തുവെച്ച് ജൂലായ് നാലിനാണ് ബ്രിട്ടീഷ് റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയൻറെ വിലക്കുലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയെന്നായിരുന്നു ആരോപണം. മറുപടിയായി ഇറാൻ ഹോർമുസ് കടലിടുക്കിൽനിന്ന് ബ്രിട്ടന്റെ കപ്പൽ സ്റ്റെന ഇംപേരേയും പിടിച്ചെടുത്തു.
ഗ്രേസ് -1 വിട്ടുകൊടുക്കരുതെന്ന് യു.എസ്. ജിബ്രാൾട്ടർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് ഗൗനിക്കാതെയായിരുന്നു ജിബ്രാൾട്ടർ കോടതിയുടെ വിധി. തുടർന്ന് കപ്പലിലെ നാവികർക്ക് വിസ അനുവദിക്കില്ലെന്ന് യു.എസ്. തിരിച്ചടിക്കുകയുംചെയ്തു.
കാസർകോട് സ്വദേശി പി. പ്രജിത്ത് (33), മലപ്പുറം സ്വദേശി കെ.കെ. അജ്‌മൽ (27), ഗുരുവായൂർ സ്വദേശി റെജിൻ (40) എന്നിവരടക്കമുള്ള ജീവനക്കാരാണ് കപ്പലിലുള്ളത്.