വാഷിങ്ടൺ: ഇന്ത്യയ്ക്കുനേരെ പ്രകോപനപരമായ തിരിച്ചടികൾക്ക് മുതിരരുതെന്ന് പാകിസ്താനോട് യു.എസ്. ജമ്മുകശ്മീർ വിഷയം ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നുണ്ടെന്നും നിയന്ത്രണരേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം പ്രോത്സാഹിപ്പിക്കരുതെന്നും യു.എസ്. ആവശ്യപ്പെട്ടു.

പാക് മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരേ മാതൃകാപരമായ നടപടിയെടുക്കണമെന്നും യു.എസ്. കോൺഗ്രസ് അംഗങ്ങളായ റോബർട്ട് മെനെൻഡെസ്, ഇലിയട്ട് ഏൻജെൽ എന്നിവർ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സെനറ്റിലെ വിദേശകാര്യ സമിതിയംഗമാണ് മെനെൻഡെസ്. പ്രതിനിധിസഭയിലെ വിദേശകാര്യസമിതി ചെയർമാനാണ് ഏൻജെൽ. ജമ്മുകശ്മീരിലെ നിയന്ത്രണങ്ങളിൽ ആശങ്കയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമെന്ന നിലയിൽ, രാജ്യത്തെ എല്ലാ പൗരന്മാർക്കും തുല്യ അവകാശം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട അവസരം ഇന്ത്യയ്ക്കു ലഭ്യമായിട്ടുണ്ട്. സംഘംചേരാനും വിവരങ്ങളും നിയമസംരക്ഷണവും ലഭിക്കാനുമുള്ള അടിസ്ഥാന അവകാശങ്ങൾ എല്ലാവർക്കും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സുതാര്യതയും രാഷ്ട്രീയപങ്കാളിത്തവുമാണ് ജനാധിപത്യരാജ്യങ്ങളുടെ ആധാരശിലകൾ. ജമ്മുകശ്മീരിലും ഇന്ത്യ ഈ തത്ത്വങ്ങൾക്കൊപ്പം നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു” -പ്രസ്താവനയിൽ പറയുന്നു. ജമ്മുകശ്മീരിൻറെ പ്രത്യേകപദവി എടുത്തുമാറ്റാനുള്ള തീരുമാനം ഇന്ത്യ തങ്ങളെ നേരത്തേ അറിയിച്ചിരുന്നില്ലെന്ന് ചൊവ്വാഴ്ച യു.എസ്. വ്യക്തമാക്കിയിരുന്നു.

നേരിട്ടുള്ള ചർച്ചകൾക്ക് പിന്തുണ തുടരും

കശ്മീരുൾപ്പെടെയുള്ള തർക്കവിഷയങ്ങളിൽ ഇന്ത്യയും പാകിസ്താനും നേരിട്ടുനടത്തുന്ന ചർച്ചകൾക്ക് പിന്തുണ നൽകുന്നത് തുടരുമെന്ന് യു.എസ്. വിദേശകാര്യമന്ത്രാലയം. കശ്മീരിന് പ്രത്യേകപദവി റദ്ദാക്കിയതിനുശേഷമുണ്ടായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നിയന്ത്രണരേഖയിൽ സമാധാനം നിലനിർത്താൻ ഇരുരാജ്യങ്ങളോടും ആവശ്യപ്പെടുകയാണെന്നും മന്ത്രാലയവക്താവ് പറഞ്ഞു.

Content Highlights: US warns Pakistan against any infiltration on India's Jammu Kashmir move