വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ഇന്ത്യയിലേക്ക് ഉടന്‍ വരാന്‍ പരിപാടിയുണ്ടെന്ന് യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. കഴിഞ്ഞദിവസം വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ പെന്‍സിനെ മോദി പ്രത്യേകം ക്ഷണിച്ചിരുന്നു. യു.എസ്.-ഇന്ത്യന്‍ ബിസിനസ്സ് കൗണ്‍സില്‍ വാര്‍ഷിക യോഗത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ഇന്ത്യയില്‍ വരുന്നകാര്യം അദ്ദേഹം പറഞ്ഞത്.

മോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച ചരിത്രപരവും പ്രയോജനപ്രദവുമായിരുന്നുവെന്ന് പെന്‍സ് പറഞ്ഞു. ഇരുരാജ്യവും തമ്മിലുള്ള ബന്ധം ആഴത്തില്‍ വളരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.