പാനമസിറ്റി: കെട്ടിടത്തില്‍ നിന്ന് ട്രംപിന്റെ പേര് നീക്കം ചെയ്തതിന് ആഡംബര ഹോട്ടലിനെതിരേ ട്രംപ് ഓര്‍ഗനൈസേഷന്‍ നിയമനടപടിക്കൊരുങ്ങുന്നു.

യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ട്രംപ് ഓര്‍ഗനൈസേഷന്‍. പാനമയിലുള്ള 'ദ ബഹിയ ഗ്രാന്‍ഡ് പാനമ' ഹോട്ടലിനെതിരേയാണ് ഓര്‍ഗനൈസഷന്‍ കേസ് കൊടുക്കുന്നത്.

ട്രംപിന്റെ ഹോട്ടലായിരുന്നു ഇത്. ട്രംപ് ഓഷന്‍ ക്ലബ്ബ് എന്നായിരുന്നു അന്ന് പേര്.

ഇതിന്റെ ഇപ്പോഴത്തെ ഉടമയായ ഇത്താക്കാ കാപിറ്റല്‍ പാര്‍ട്‌ണേഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളുടെ ഉടമയായ സൈപ്രസ് പൗരന്‍ ഒറെസ്റ്റെസ് ഫിന്റിക്ലിസിന്റെ പേരിലാണ് കേസ്.

ഫിന്റിക്ലിസ് കെട്ടിടത്തിന്റെ മുഖപ്പില്‍ നിന്ന് ട്രംപിന്റെ പേര് നീക്കുകയും കെട്ടിടസമുച്ചയത്തിന് 'ദി ബഹിയ ഗ്രാന്‍ഡ്' എന്ന് പേരിടുകയും ചെയ്തിരുന്നു. മാര്‍ച്ച് അഞ്ചിനാണ് ഇതു ചെയ്തത്.

ട്രംപ് ഓര്‍ഗനൈസേഷനെ ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് നീക്കാന്‍ പാനമ അധികൃതര്‍ തനിക്ക് അനുവാദം നല്‍കിയിരുന്നതായി ഫിന്റിക്ലിസ് പറഞ്ഞു.

ട്രംപ് ഓഷന്‍ ക്ലബ്ബ് ഹോട്ടല്‍ ഇനി മുതല്‍ ദി ബഹിയ ഗ്രാന്‍ഡ് പാനമ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുകയെന്നും മാര്‍ച്ച് അഞ്ച് മുതല്‍ ട്രംപിന്റെ ബ്രാന്‍ഡുമായി സ്ഥാപനത്തിന് ബന്ധമുണ്ടായിരിക്കില്ലെന്നും ഇത്താക്ക ക്യാപിറ്റല്‍ പാര്‍ട്‌ണേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍, ഇത്തരമൊരുത്തരവ് നിലനില്‍ക്കുന്നില്ലെന്നാണ് ട്രംപ് ഓര്‍ഗനൈസേഷന്റെ വാദം. ഫിന്റിക്ലിസുമായുള്ള തര്‍ക്കം അവസാനിക്കുന്നതുവരെ ഹോട്ടലിന്റെ ഭരണച്ചുമതല തങ്ങള്‍ക്കുണ്ടെന്നും ഓര്‍ഗനൈസേഷന്‍ പറയുന്നു.

ആയിരത്തിലേറെ മുറികളും ചൂതാട്ടകേന്ദ്രവും സ്വകാര്യ ബീച്ചുമൊക്കെയുള്ള 72 നില കെട്ടിടമാണ് ഈ ഹോട്ടല്‍.

2011-ല്‍ ട്രംപും പാനമയുടെ അന്നത്തെ പ്രസിഡന്റ് റിക്കാഡോ മാര്‍ട്ടിനെല്ലിയും ചേര്‍ന്നാണ് ഇത് ഉദ്ഘാടനം െചയ്തത്. ലാറ്റിന്‍ അമേരിക്കയില്‍ ട്രംപിന്റെ പേരിലുണ്ടായ ആദ്യ ഹോട്ടലാണിത്.