വാഷിങ്ടൺ: ചൈനയുമായുള്ള അതിർത്തിസംഘർഷത്തിനിടെ ഇന്ത്യയെ സഹായിക്കാൻ ഏതാനും വിവരങ്ങളും വസ്ത്രമടക്കമുള്ള വസ്തുക്കളും നൽകിയിരുന്നുവെന്ന് യു.എസ്. പ്രതിരോധവകുപ്പായ പെന്റഗൺ. തന്ത്രമേഖലയിൽ ഒറ്റയ്ക്കുനിൽക്കാനുള്ള പ്രവണതയാണ് ഏറെക്കാലമായി ഇന്ത്യക്കുണ്ടായിരുന്നത്. എന്നാൽ, യഥാർഥനിയന്ത്രണരേഖയിലെ ചൈനയുടെ അതിക്രമം പ്രതിരോധമേഖലയിൽ മറ്റുരാജ്യങ്ങളുമായി കൈകോർക്കേണ്ടതിന്റെ ആവശ്യകതയെന്തെന്ന് ഇന്ത്യയുടെ കണ്ണുതുറപ്പിച്ചുവെന്ന് പെന്റഗൺ കമാൻഡർ ഫിലിപ്സ് ഡേവിഡ്സൺ പറഞ്ഞു. യു.എസ്. കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.എസ്. പ്രതിരോധസെക്രട്ടറി അടുത്തയാഴ്ച ഇന്ത്യയിൽ

വാഷിങ്ടൺ: യു.എസ്. പ്രതിരോധസെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങൾക്കൊപ്പമാണ് അദ്ദേഹം ഇന്ത്യയിലുമെത്തുക. ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന അംഗം നടത്തുന്ന ആദ്യ വിദേശയാത്രയാണിത്.

ഇതാദ്യമായാണ് ഒരു പ്രതിരോധസെക്രട്ടറിയുടെ ആദ്യയാത്രയിൽ ഇന്ത്യ ഉൾപ്പെടുന്നത്. അന്താരാഷ്ട്രപ്രതിരോധബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വതന്ത്ര ഇന്തോ-പസഫിക് മേഖല പ്രാബല്യത്തിൽ വരുത്തുന്നതുസംബന്ധിച്ചും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ഓസ്റ്റിൻ ചർച്ചനടത്തും. മാർച്ച് 13-നാണ് യാത്ര തുടങ്ങുക. ഇന്ത്യയിൽ എന്നാണ് എത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.