വാഷിങ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായിരുന്ന ജോർജിയയും യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ പിടിച്ചു. ഇതോടെ ബൈഡൻ 1992-നുശേഷം ജോർജിയ നേടുന്ന ആദ്യ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി.

ബിൽ ക്ലിന്റനാണ് 1992-ൽ ജേർജിയയിൽനിന്ന് വിജയിച്ച ഡെമോക്രാറ്റ്. നവംബർ ഏഴിനുതന്നെ ബൈഡൻ ജോർജിയ നേടിയതായി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് രണ്ടാമതും വോട്ടെണ്ണൽ നടത്തേണ്ടിവന്നു. 50 ലക്ഷത്തോളം വോട്ടുകളും എണ്ണിത്തീർന്നപ്പോൾ 12,284 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബൈഡൻ ജയിച്ചു.

ആദ്യതവണ എണ്ണിയപ്പോൾ ബൈഡന് 14,000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. അതേസമയം, കള്ളവോട്ടുനടന്നെന്ന ആരോപണം ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർജെർ തള്ളി. ജോർജിയഫലം വന്നതോടെ പ്രസിഡന്റിനെ നിശ്ചയിക്കുന്ന ഇലക്ടറൽ വോട്ടുകളിൽ ബൈഡന്റെ ഭൂരിപക്ഷം 306 ആയിരുന്നു. 232 വോട്ടുകളാണ് ട്രംപിനുള്ളത്.