വാഷിങ്ടൺ: ഡൊണാൾഡ് ട്രംപോ ജോ ബൈഡനോ... അമേരിക്ക ആരു ഭരിക്കണമെന്ന ജനമനസ്സറിയാൻ ലോകം ആകാംക്ഷയിൽ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പോരാട്ടം ഇഞ്ചോടിഞ്ചാണ്. ഭൂരിപക്ഷത്തിനുവേണ്ട 270 ഇലക്ടറൽ കോളേജ് വോട്ടുകളിൽ 238 എണ്ണം നേടിയ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡന് നേരിയ മുൻതൂക്കമുണ്ട്. ഭരണത്തുടർച്ച ആഗ്രഹിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്‌ ട്രംപ് 213 വോട്ടുകളാണ് നേടിയിട്ടുള്ളത്.

‍ആദ്യഫലസൂചനകൾ വന്നപ്പോൾ കിഴക്കൻ അമേരിക്കയിലെ പരമ്പരാഗത സീറ്റുകളിൽ വിജയിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ പ്രകടമായ മുന്നേറ്റം കാഴ്ചവെച്ചു. എന്നാൽ ദക്ഷിണ, മധ്യ സംസ്ഥാനങ്ങൾ പിടിച്ചെടുത്ത് ട്രംപ് തിരിച്ചുവന്നു. ഫലം വരാനുള്ള സംസ്ഥാനങ്ങൾ ട്രംപിന് മുൻതൂക്കമുള്ളതാണ്. അന്തിമവിജയം ആർക്കെന്ന് പ്രവചിക്കാനാവാതെ ഫോട്ടോഫിനിഷിങ്ങിലേക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നീങ്ങുന്നത്.

വോട്ടെണ്ണൽ തുടങ്ങി ആദ്യഫലങ്ങൾ വന്നുതുടങ്ങിയപ്പോൾത്തന്നെ ഡൊണാൾഡ് ട്രംപ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, അവസാനഫലങ്ങളറിയാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. വോട്ടെണ്ണിത്തീരാൻ ചിലപ്പോൾ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തത്. തപാൽവോട്ടുകളുടെ വർധനയാണ് ഇതിനുകാരണം.

ചാഞ്ചാട്ടസംസ്ഥാനങ്ങളായ ഫ്ളോറിഡ, ഒഹായോ, പെൻസിൽവേനിയ, ജോർജിയ, നോർത്ത് കരോലൈന തുടങ്ങിയവയിൽ ട്രംപാണ് മുന്നിട്ടുനിൽക്കുന്നത്. അതേസമയം അരിസോണ, മിഷിഗൻ, വിസ്‌കോൺസിൻ സംസ്ഥാനങ്ങളിൽ ബൈഡനും മുന്നിട്ടുനിന്നു.

നൂറ്റാണ്ടിലെ ഏറ്റവുംവലിയ പോളിങ്ങാണ് ഇത്തവണ നടന്നതെന്നാണ് വിലയിരുത്തുന്നത്. ഔദ്യോഗിക തിരഞ്ഞെടുപ്പിന് മുമ്പേതന്നെ മുൻകൂർ വോട്ടിങ് സംവിധാനങ്ങളിലൂടെ 10 കോടിയിലധികംപേരാണ് വോട്ടുചെയ്തത്. 1908-ൽ 16 കോടി ജനങ്ങൾ വോട്ടുചെയ്തതാണ് അമേരിക്കൻ തിരഞ്ഞെടുപ്പുചരിത്രത്തിൽ ഇതുവരെയുള്ള റെക്കോഡ്. 13.8 കോടിപ്പേരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്തത്.

സുപ്രീംകോടതിയെ സമീപിക്കാൻ ട്രംപ്

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായും പോസ്റ്റൽ ബാലറ്റുകൾ എണ്ണരുതെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. അതേസമയം, അന്തിമഫലം വരുന്നതുവരെ കാത്തിരിക്കാനാണ്‌ ബൈഡൻ അണികളോട് ആവശ്യപ്പെട്ടത്.

content highlights: us president election 2020