വാഷിങ്ടൺ: യു.എസിൽ ഭാഗികമായ ഭരണപ്രതിസന്ധിക്കുവരെ വഴിവെച്ച മെക്സിക്കൻമതിൽനിർമാണ പ്രതിസന്ധി അയയുന്നു. അനധികൃത കുടിയേറ്റക്കാരെ തടയാൻ അതിർത്തിയിൽ കോൺക്രീറ്റ് മതിലിനുപകരം ഉരുക്കുമതിൽ കെട്ടാനാണ് പുതിയ തീരുമാനം.

മെക്സിക്കൻമതിൽ നിർമാണബിൽ ഉൾപ്പെടെയുള്ള ബജറ്റ് ബിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ വിസമ്മതിച്ചതോടെ ട്രംപ് മുട്ടുമടക്കുകയായിരുന്നു. ദൈനംദിന കാര്യങ്ങളുടെ നടത്തിപ്പിനുള്ള ബജറ്റ് ബിൽ സെനറ്റിൽ പാസാക്കാനാവാത്തതിനെത്തുടർന്ന് രണ്ടാഴ്ചയോളമായി രാജ്യത്ത് ഭാഗികമായി ഭരണം സ്തംഭിച്ചിരിക്കുകയാണ്.

പ്രശ്നപരിഹാരത്തിനായി ദിവസങ്ങൾനീണ്ട കൂടിയാലോചനകൾക്കൊടുവിലാണ് ഉരുക്കുമതിലെന്ന പരിഹാരമാർഗം ട്രംപ് മുന്നോട്ടുവെച്ചത്. യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് യു.എസ്. കോൺഗ്രസിലെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. സെനറ്റിലെ ന്യൂനപക്ഷവിഭാഗം നേതാവ് ചക് ഷൂമർ, സ്പീക്കർ നാൻസി പെലോസി എന്നിവരുമായാണ് പെൻസ് ചർച്ച നടത്തിയത്. ഇതിനുപിന്നാലെ ഉരുക്കുമതിലെന്ന പ്രഖ്യാപനവുമായി ട്രംപ് രംഗത്തെത്തി. ‘അവർ (ഡെമോക്രാറ്റുകൾ) കോൺക്രീറ്റ് മതിൽ ഇഷ്ടപ്പെടുന്നില്ല. പകരം നമ്മളത് ഉരുക്കുകൊണ്ട് നിർമിക്കും. രാജ്യത്തെ ഉരുക്കുകമ്പനികളെക്കൊണ്ട് നമുക്കത് പൂർത്തിയാക്കാം’ -ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മെക്സിക്കൻ അതിർത്തിയിലൂടെയുള്ള അനധികൃത കുടിയേറ്റം തടയാൻ പ്രത്യക്ഷമായൊരു മതിൽ ആവശ്യമാണ്. അനധികൃത കുടിയേറ്റം യു.എസിന്റെ സന്പദ് വ്യവസ്ഥയെ ഊറ്റുന്നു. അതിർത്തിവഴി ഒട്ടേറെ ക്രിമിനലുകൾ യു.എസിലെത്തുന്നു. മനുഷ്യക്കടത്തുകാരും മയക്കുമരുന്നും ഒഴുകുന്നു. ഇത് കൂടുതൽകാലം അനുവദിക്കാനാവില്ല -ട്രംപ് പറഞ്ഞു.

അതിർത്തിയിൽ കൂറ്റൻ കോൺക്രീറ്റ് മതിൽ കെട്ടുമെന്നത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ്‌ വാഗ്ദാനമായിരുന്നു.