വാഷിങ്ടൺ: കോടികൾ മുടക്കി സ്വന്തം വാഹനങ്ങളിൽ ബഹിരാകാശം കണ്ടുമടങ്ങിയെങ്കിലും റിച്ചഡ് ബ്രാൻസനെയും ജെഫ് ബെസോസിനെയും ബഹിരാകാശയാത്രികരായി പരിഗണിക്കാനാവില്ലെന്ന് അമേരിക്ക. ഒരു ബഹിരാകാശസഞ്ചാരി എന്നാൽ, എന്തായിരിക്കണമെന്ന നിർവചനത്തിൽ രാജ്യത്തെ ന്യൂ ഫെ‍ഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേറ്റർ (എഫ്.എ.എ.) മാറ്റംവരുത്തിയിരിക്കുകയാണിപ്പോൾ. വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശയാത്ര നടത്തുന്നവരെ ബഹിരാകാശസഞ്ചാരികളായി ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള കൊമേഴ്സ്യൽ ആസ്ട്രോനട്ട് വിങ്സ് പദ്ധതിയിലെ ചട്ടമാണ് തിരുത്തിയത്.

ബഹിരാകാശയാത്രാസുരക്ഷയിൽ സംഭാവന ചെയ്യുകയും ദൗത്യവാഹനം പ്രവർത്തിപ്പിക്കുന്നതിൽ പങ്കാളിയാവുകയുംകൂടി ചെയ്താലേ ഇനി ബഹിരാകാശസഞ്ചാരിയെന്ന് പേരെടുക്കാനാവൂ. 2004-ൽ എഫ്.എ.എ. വിങ്സ് പദ്ധതി തുടങ്ങിയശേഷം ഇതാദ്യമാണ് നിർവചനത്തിൽ മാറ്റം വരുത്തുന്നത്. ശതകോടീശ്വരന്മാർ ബഹിരാകാശത്തുപോയതിനു തൊട്ടുപിന്നാലെയാണ് ചട്ടം പുതുക്കിയതെന്നതും ശ്രദ്ധേയമാണ്.

ചുരുക്കിപ്പറഞ്ഞാൽ കോടികൾ വാരിയെറിഞ്ഞ് ബഹിരാകാശത്തേക്ക് പോയിവരുകമാത്രം ചെയ്യുന്നവർക്ക് പേരെടുക്കാനാവില്ലെന്നർഥം.

ഭൗമോപരിതലത്തിൽനിന്ന് 80 കിലോമീറ്റർ ഉയരത്തിലുള്ള യാത്രകളേ ബഹിരാകാശയാത്രയായി കണക്കാക്കൂ. ബ്രാൻസനും (89 കിലോമീറ്റർ) ബെസോസും (106 കിലോമീറ്റർ) ഇത്രയും ഉയരത്തിൽ പോയിട്ടുണ്ട്. മെർക്കുറി-7 ദൗത്യത്തിൽ പങ്കാളികളായ അലൻ ഷെപ്പേഡ് ജൂനിയറും വെർജിൽ ഗ്രിസവുമാണ് ആദ്യമായി ആസ്ട്രോനട്ട് വിങ്സ് നേടിയവർ.