വാഷിങ്ടൺ: കോടതിയുത്തരവിനെത്തുടർന്ന് ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയെ യു.എസ്. കരിമ്പട്ടികയിൽനിന്ന് താത്കാലികമായി നീക്കി. സുരക്ഷാഭീഷണിയാരോപിച്ച് ചൈനീസ് ടെക് കമ്പനികൾക്കുമേൽ യു.എസ്. തുടർച്ചയായി വിലക്കേർപ്പെടുത്തുന്നതിനിടെയാണ് കോടതിയുടെ ഇടപെടൽ. കമ്പനിയുടെ ഓഹരികൾ വാങ്ങുന്നതിന് യു.എസ്. നിക്ഷേപകർക്കുണ്ടായിരുന്ന വിലക്കും നീക്കിയിട്ടുണ്ട്. ദേശീയസുരക്ഷാവിഷയം പ്രതിരോധ, ട്രഷറി വകുപ്പ് ഇവിടെ വ്യക്തമാക്കിയിട്ടില്ലെന്നുകാട്ടി വാഷിങ്ടൺ ജില്ലാജഡ്ജി റുഡോൾഫ് കോണ്ടെറാസാണ് ഷവോമിക്ക് അനുകൂലമായി ഉത്തരവിട്ടത്.

അധികാരമൊഴിയുന്നതിനു ദിവസങ്ങൾക്കുമുമ്പാണ് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഷവോമി, എണ്ണക്കമ്പനിയായ സി.എൻ.ഒ.ഒ.സി., സാമൂഹികമാധ്യമമായ ടിക് ടോക് എന്നിവയെ കരിമ്പട്ടികയിൽപ്പെടുത്തിയത്. പെന്റഗൺ ‘കമ്യൂണിസ്റ്റ് ചൈനീസ് സൈനികകമ്പനികൾ’ എന്ന വിഭാഗത്തിൽപ്പെടുത്തിയ ഒമ്പതു ചൈനീസ് കമ്പനികളിലൊന്നാണ് ഷവോമി. യു.എസ്. സർക്കാർ നടപടി നിയമവിരുദ്ധമാണെന്നുകാട്ടി ജനുവരിയിൽ ഷവോമി കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞകൊല്ലം ആപ്പിളിനെ മറികടന്ന് ഷവോമി ലോകത്തെ ഏറ്റവുംവലിയ മൂന്നാമത്തെ മൊബൈൽ നിർമാതാക്കളായിരുന്നു.

വാവേയടക്കം അഞ്ചുകമ്പനികൾ സുരക്ഷയ്ക്ക് ഭീഷണിയെന്ന് യു.എസ്.

ഷവോമിയെ പട്ടികയിൽനിന്ന് നീക്കാൻ വിധിവന്ന അതേദിവസം തന്നെ വാവേ, സെഡ്.ടി.ഇ. എന്നിവയടക്കം അഞ്ചു ചൈനീസ് കമ്പനികൾ യു.എസ്. ദേശസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷന്റെ (എഫ്.സി.സി.) പ്രഖ്യാപനം. യു.എസ്. ആശയവിനിമയശൃംഖലയെ സംരക്ഷിക്കുന്നതിനുള്ള 2019-ലെ നിയമപ്രകാരമാണിത്. ഹിതേര കമ്യൂണിക്കേഷൻസ്, ഹാങ്ഷൂ ഹികിവിഷൻ ഡിജിറ്റൽ, ദഹുവ ടെക്നോളജി എന്നിവയാണ് പട്ടികയിലെ മറ്റുകമ്പനികൾ.

ചൈനയുമായി അടുത്തകാലത്തൊന്നും ബന്ധം മെച്ചപ്പെടുത്താൻ യു.എസ്. തയ്യാറല്ലെന്നാണ് നീക്കത്തിൽനിന്ന് വ്യക്തമാകുന്നത്.

Content Highlights; US judge removes China's Xiaomi from Trump-era blacklist