വാഷിങ്ടൺ/ബെയ്ജിങ്: ഹോങ് കോങ്ങിൽ ചൈനയ്ക്കെതിരേ നിയമം പാസാക്കിയതിനുപിന്നാലെ ഉയ്ഗുർ വിഷയത്തിലും നിലപാട് കടുപ്പിച്ച് യു.എസ്. ചൈനയിലെ ന്യൂനപക്ഷമായ ഉയ്ഗുർ മുസ്‍ലിങ്ങൾക്കെതിരേ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുമായി ബന്ധപ്പെട്ട് മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥർക്ക് യു.എസ്. ഉപരോധമേർപ്പെടുത്തി.

‘ഉയ്ഗുർ മനുഷ്യാവകാശനയ നിയമം-2019’ എന്നുപേരിട്ട ബിൽ ചൊവ്വാഴ്ച വൻ ഭൂരിപക്ഷത്തിലാണ് (407-1) യു.എസ്. പ്രതിനിധിസഭ പാസാക്കിയത്.

ഉയ്ഗുർ മുസ്‍ലിങ്ങൾ അധിവസിക്കുന്ന ഷിയാൻജിങ് പ്രവിശ്യയിലെ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ചെൻ ക്വാൻഗുവോ, ഉയ്ഗുർ വിരുദ്ധ നയങ്ങൾക്കുപിന്നിലുള്ള മറ്റുദ്യോഗസ്ഥർ എന്നിവർക്കെതിരേയാണ് ഉപരോധം. ഉയ്ഗുർ മുസ്‍ലിങ്ങളെ തടവിലിടുന്നതും പീഡിപ്പിക്കുന്നതും ചൈന അവസാനിപ്പിക്കണമെന്ന് ബില്ലിൽ ആവശ്യപ്പെടുന്നു. ബിൽ ഇനി സെനറ്റിന്റെ പരിഗണനയിലേക്ക് പോകും. സെനറ്റ് കടന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചാൽ നിയമമാകും.

അതേസമയം, ബില്ലിനെതിരേ ചൈന ശക്തമായി രംഗത്തെത്തി. തങ്ങളുടെ ആഭ്യന്തരവിഷയങ്ങളിൽ യു.എസ്. ഗുരുതരമായ കടന്നുകയറ്റമാണ് നടത്തിയിട്ടുള്ളതെന്നും ഇതിന് അവർ വലിയവില നൽകേണ്ടിവരുമെന്നും പ്രതികരിച്ചു. “ഷിയാൻജിങ്ങിലെ ചൈനയുടെ ഭീകര-മൗലികവാദ വിരുദ്ധ പ്രവർത്തനങ്ങളെ വളച്ചൊടിക്കുന്ന യു.എസ്. അവിടത്തെ മനുഷ്യാവകാശസാഹചര്യത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ്” -ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അതേസമയം, ഉയ്ഗുർ സമൂഹത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾ ബില്ലിനെ സ്വാഗതംചെയ്തു.

ചൈനീസ് ഭരണകൂടത്തിനെതിരേ ജനകീയപ്രക്ഷോഭം നടത്തുന്ന ഹോങ് കോങ്ങിലെ സമരക്കാരെ പിന്തുണച്ച് നിയമം പാസാക്കിയതിന്‌ തൊട്ടുപിന്നാലെയാണ് യു.എസ്. വീണ്ടും ചൈനയ്ക്കെതിരേ രംഗത്തെത്തുന്നത്.

പത്തുലക്ഷത്തോളംവരുന്ന ഉയ്ഗുർ മുസ്‍ലിങ്ങളെ ചൈന തടവിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവരെ ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നുവെന്നുമാണ് യു.എസ്. ആരോപിക്കുന്നത്. കുട്ടികളടക്കമുള്ളവരുടെ ഡി.എൻ.എ. സാമ്പിളുകൾ ശേഖരിക്കുന്നുണ്ടെന്നും ദിവസം എത്രതവണ പ്രാർഥിക്കുന്നുണ്ടെന്നുവരെ അറിയാൻ ഓരോ വീടുകൾക്കുള്ളിലും ക്യു.ആർ. കോഡ് സ്ഥാപിച്ചിട്ടുണ്ടെന്നും യു.എസ്. ബില്ലിൽ ആരോപിക്കുന്നു.

content highlights: US passes Uighur act