വാഷിങ്ടൺ: പ്രസിഡന്റ് സ്ഥാനത്തിനായി വാശിയേറിയ മത്സരം നടക്കുന്നതിനിടെ വിജയം അവകാശപ്പെട്ട് ഡൊണാൾഡ് ട്രംപ്. ‘‘നമ്മൾ തിരഞ്ഞെടുപ്പ് ജയിക്കും’’ എന്ന് വൈറ്റ്ഹൗസിലെ കിഴക്കെ മുറിയിൽ ഇരുന്നുകൊണ്ട് ഭരണത്തുടർച്ചയ്ക്കായി മത്സരിക്കുന്ന ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബൈഡൻ കൃത്രിമം കാട്ടിയതായും ക്രമക്കേടിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടയിൽ തപാൽ വോട്ടുകൾ എണ്ണുന്നത് നിർത്താനും ട്രംപ് ആഹ്വാനം ചെയ്തു. ഡെമോക്രാറ്റുകളാണ് കൂടുതലായും തപാൽ വോട്ടുകൾ ചെയ്തത് എന്ന നിഗമനം മുൻനിർത്തിയുള്ള ട്രംപിന്റെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.

അതേസമയം, തിരഞ്ഞെടുപ്പ് പൂർത്തിയായിട്ടില്ലെന്നും ക്ഷമയോടെ കാത്തിരിക്കുകയാണ് ആവശ്യമെന്നും ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ആഹ്വാനം ചെയ്തു. വിജയത്തിലേക്കുള്ള പാതയിലാണെന്നും ഡെൽവെയറിലെ വിൽമിങ്ടണിൽ ബൈഡൻ ശുഭാപ്തി പ്രകടിപ്പിച്ചു.

കൂടുതൽ ഇലക്ടർമാനുള്ള വിസ്‌കോൺസിൻ, മിഷിഗൺ, നെവാഡ്, പെൻസിൽവേനിയ സംസ്ഥാനങ്ങളുടെ ഫലമാണ് തിരഞ്ഞെടുപ്പിൽ നിർണായകമാകുക. ഇതിൽ വിസ്‌കോൺസിനിലും മിഷിഗണിലും ബൈഡനാണ് മുന്നിൽ. അതേസമയം, പെൻസിൽവേനിയയിൽ ട്രംപാണ് മുന്നിൽ. വിജയിക്കാൻ വേണ്ട 270 സീറ്റുകൾ ലക്ഷ്യംവെക്കുന്ന ഡെമോക്രാറ്റിക്കുകളുടെ പ്രതീക്ഷ ഇനിയും എണ്ണിത്തീരാത്ത തപാൽവോട്ടുകളിലാണ്. തപാൽ വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണമെന്ന ട്രംപിന്റെ ആഹ്വാനത്തെ നിയമപരമായി നേരിടുമെന്നും പാർട്ടി അധികൃതർ വ്യക്തമാക്കി.

സംസ്ഥാനങ്ങൾ ആർക്കൊപ്പം ട്രംപ്

50-ൽ 39 സംസ്ഥാനങ്ങളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ അലബാമ, അർകൻസാസ്, ഫ്ളോറിഡ, ഇഡാഹോ, ഇന്ത്യാന, അയോവ, കൻസാസ്, കെന്റകി, ലൂസിയോന, മിസിസിപ്പി, മിസൗറി, മൊന്റാന, നോർത്ത് ഡക്കോട്ട, നബ്രാസ്‌ക, ഒഹായോ, ഒക്ലഹോമ, സൗത്ത് ഡക്കോട്ട, ടെന്നിസി, െടക്സസ്, വ്യോമിങ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ട്രംപ് വിജയം ഉറപ്പിച്ചു.

ബൈഡൻ

അരിസോണ, മിന്നസോട്ട, കാലിഫോർണിയ, കൊളറാഡോ, കണക്ടിക്കട്ട്, ഡെലാവെയർ, ഹവായ്, ഇലിനോയ്, മേരിലാൻഡ്, വിർജീനിയ, മാസച്യുസെറ്റ്‌സ്, ന്യൂ ഹാംപ്ഷയർ, ന്യൂ ജേഴ്‌സി, ന്യൂ മെക്‌സികോ, ന്യൂയോർക്ക്, ഒറിഗൺ, റോഡ് അയലൻഡ്, വെർമൊണ്ട്, വാഷിങ്ടൺ സ്റ്റേറ്റ് സംസ്ഥാനങ്ങൾ ബൈഡനെ തുണച്ചു.

Content Highlights: US Donald Trump Joe Biden