വാഷിങ്ടണ്‍: സിക്കിം അതിര്‍ത്തിയിലെ ഡോക്ലാമില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം തുറന്ന യുദ്ധമാകാമെന്ന് യു.എസ്. കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (സി.ആര്‍.എസ്.) റിപ്പോര്‍ട്ട്.
 
ഇങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ഇന്ത്യയും യു.എസും തമ്മില്‍ സഹകരണം ഉണ്ടാകുമെന്നും അത് ചൈനയുമായുള്ള കലഹത്തിന് കാരണമാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

യു.എസ്. കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണവിഭാഗമാണ് സി.ആര്‍.എസ്. പക്ഷേ, സി.ആര്‍.എസിന്റെ റിപ്പോര്‍ട്ടുകള്‍ യു.എസ്. കോണ്‍ഗ്രസിന്റെ ഔദ്യോഗികനിലപാടായി പരിഗണിക്കാറില്ല.
 
ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തില്‍ നിഷ്പക്ഷ നിലപാടാണ് യു.എസ്. സ്വീകരിച്ചിരിക്കുന്നത്. പ്രശ്‌നം ഇരുകൂട്ടരും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ് യു.എസ്. പറയുന്നത്.

ഇപ്പോഴത്തെ അതിര്‍ത്തിത്തര്‍ക്കം വലിയ ശത്രുതയുടെ സൂചനയാണെന്നും അങ്ങനെ വന്നാല്‍ അത് ഇന്ത്യയെയും ചൈനയെയും മാത്രമല്ല, ദക്ഷിണേഷ്യയെ മുഴുവന്‍ ബാധിക്കുമെന്നും ബ്രൂസ് വോണ്‍ തയ്യാറാക്കിയ രണ്ടുപേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.