വാഷിങ്ടണ്‍: കാനഡയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന കനംകുറഞ്ഞ തടിക്ക് 24 ശതമാനംവരെ ചുങ്കം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. അമേരിക്കയിലേക്ക് തടികയറ്റുമതിചെയ്യുന്ന കനേഡിയന്‍ കമ്പനികള്‍ അവിടത്തെ സര്‍ക്കാരില്‍നിന്ന് 24.12 ശതമാനം സബ്‌സിഡി നേടുന്നുണ്ടെന്ന് ആരോപിച്ചാണിത്. ഈ ആരോപണം കാനഡ നിഷേധിച്ചു. പുതിയ വാണിജ്യത്തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം.

അമേരിക്കയുടെ രണ്ടാമത്തെ സുപ്രധാന വാണിജ്യപങ്കാളിയാണ് കാനഡ. ഓരോവര്‍ഷവും 36,409 കോടി രൂപയുടെ തടിയാണ് കാനഡയില്‍നിന്ന് അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. വീടുനിര്‍മാണത്തിനാണ് ഇതുപയോഗിക്കുന്നത്.

അമേരിക്കയുടെ തീരുമാനം ഇരുരാജ്യങ്ങളെയും ബാധിക്കുമെന്ന് കാനഡ പ്രസ്താവനയില്‍ പറഞ്ഞു. ഇത് വീടുവെയ്ക്കുന്ന അമേരിക്കക്കാര്‍ക്ക് ചെലവുകൂട്ടുമെന്നും പ്രസ്താവന പറയുന്നു. സര്‍ക്കാര്‍ സബ്‌സിഡിയോടെയാണ് കാനഡയുടെ കയറ്റുമതിയെന്ന് 35 വര്‍ഷമായി അമേരിക്ക ആരോപിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ നിയമയുദ്ധവും നടന്നിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കന്‍ സ്വതന്ത്രവ്യാപാരക്കരാറില്‍ (നാഫ്ത) ഒപ്പിട്ടിട്ടുള്ള രാജ്യങ്ങളാണ് കാനഡ, യു.എസ്., മെക്‌സിക്കോ എന്നിവ. നാഫ്ത പുനഃപരിശോധിക്കുമെന്ന് ജനുവരിയില്‍ പ്രസിഡന്റായി അധികാരമേറ്റപ്പോള്‍ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മെക്‌സിക്കോയെ ഉന്നംവെച്ച ട്രംപ് അധികാരത്തിലേറിയശേഷം കാനഡയ്ക്കുനേരെയാണ് തിരിഞ്ഞിരിക്കുന്നത്.