വാഷിങ്ടൺ: രാഷ്ട്രപതിയും പ്രധാനമന്ത്രിയും സഞ്ചരിക്കുന്ന ഇന്ത്യയുടെ ബോയിങ് 777 വിമാനങ്ങൾക്ക് രണ്ട് അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനം നൽകാൻ അമേരിക്കയുമായി ധാരണ. 19 കോടി ഡോളറിന്റേതാണ് (ഏകദേശം 1358 കോടി രൂപ) ഇടപാട്. അമേരിക്കൻ പ്രസിഡന്റിന് ലഭിക്കുന്ന ‘എയർഫോഴ്സ് വൺ’ സുരക്ഷയ്ക്ക് തത്തുല്യമായി ‘എയർഇന്ത്യ വൺ’ എന്നപേരിലാണ് രണ്ട് ബോയിങ് വിമാനങ്ങളിൽ ഇവ സ്ഥാപിക്കുക.
അമേരിക്കയുടെ വിദേശനയത്തിലും ദേശീയസുരക്ഷയിലും ഊന്നിയുള്ള ഈ കരാർ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനബന്ധം ശക്തിപ്പെടുത്തുമെന്ന് പെന്റഗൺ അഭിപ്രായപ്പെട്ടു.
വലിയ വിമാനങ്ങൾക്ക് പ്രതിരോധത്തിനുള്ള ഇൻഫ്രാറെഡ് സുരക്ഷാ സംവിധാനം (ലെയർസം), അഡ്വാൻസ്ഡ് ഇന്റഗ്രേറ്റഡ് ഡിഫൻസീവ് ഇലക്ട്രോണിക് വാർഫേർ സ്യൂട്ട് (ഐഡ്യൂസ്) എന്നിവയാണ് ഇന്ത്യയ്ക്ക് ലഭിക്കുക. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപാടിന് അംഗീകാരം നൽകിയതായി യു.എസ്. പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡി.എസ്.സി.എ.) ബുധനാഴ്ച യു.എസ്. കോൺഗ്രസിൽ അറിയിച്ചു. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഭീഷണി വർധിച്ചതോടെ ഇന്ത്യ ഇത്തരമൊരു പ്രതിരോധസംവിധാനത്തിനായി യു.എസിനെ സമീപിച്ചിരുന്നു.
പുതിയ പ്രതിരോധസംവിധാനം സജ്ജമാക്കാൻ എയർഇന്ത്യയിൽനിന്ന് രണ്ട് ബോയിങ് 777 വിമാനങ്ങൾ വാങ്ങാനാണ് സർക്കാർ ആലോചിക്കുന്നത്. എല്ലാത്തരം മിസൈലുകളിൽനിന്ന് സുരക്ഷനൽകാൻ പൈലറ്റിന്റെ സഹായമില്ലാതെ ഈ സംവിധാനത്തിനാകുമെന്ന് ഫെഡറേഷൻ ഓഫ് അമേരിക്കൻ സയന്റിസ്റ്റ് പറഞ്ഞു. ഇത് ഉപയോഗിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമൊന്നും ഉണ്ടാവില്ല.
അടുത്തിടെ ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയായി യു.എസ്. പ്രഖ്യാപിച്ചിരുന്നു. 2018-ൽ ഇന്ത്യയ്ക്ക് യു.എസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ -1 പദവിയും നൽകി. ജപ്പാനും കൊറിയയ്ക്കുംശേഷം ഈ പദവി ലഭിക്കുന്ന മൂന്നാം ഏഷ്യൻ രാജ്യമാണ് ഇന്ത്യ.
content highlights: US approves sale of two missile defence systems for Air India One