വാഷിങ്ടണ്‍: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടാനുള്ള ഉത്തരവില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍വാധികം ഉലയുന്നു. മതില്‍പണിയാനുള്ള പണം കണ്ടെത്തുന്നതായി മെക്‌സിക്കോയില്‍നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ട്രംപിന്റെ പ്രഖ്യാപനത്തെ മെക്‌സിക്കോ അപലപിച്ചു. മെക്‌സിക്കന്‍ പ്രസിഡന്റ് ഹെന്റിക് പെനാ നീറ്റോ അടുത്തയാഴ്ച നടത്തേണ്ടിയിരുന്ന യു.എസ്. സന്ദര്‍ശനം റദ്ദാക്കി.

ഫിലഡെല്‍ഫിയയില്‍നടന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. മതിലിന് മെക്‌സിക്കോയെക്കൊണ്ട് പണം മുടക്കിക്കുന്നതിനാണ് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞത്. എന്നാല്‍, ഇത് ഉത്പന്നവില കൂട്ടുമെന്നും ഫലത്തില്‍ അമേരിക്കക്കാര്‍തന്നെയാവും മതിലിന്റെ ചെലവുവഹിക്കേണ്ടിവരികയെന്നും മെക്‌സിക്കന്‍ വിദേശകാര്യമന്ത്രി ലൂയി വിഡെഗരേ പറഞ്ഞു.

അനധികൃതകുടിയേറ്റം തടയാനാണ് 3200 കി.മീ. വരുന്ന യു.എസ്.-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍കെട്ടുന്നത്. ഇതിന് 1500 കോടി ഡോളര്‍ (1.02 ലക്ഷം കോടി രൂപ) യു.എസ്. കണ്ടെത്തണം. ഇതിനായി നിയമം കൊണ്ടുവരേണ്ടിവരുമെന്ന് സെനറ്റിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിനേതാവ് മിച്ച് മക്കോണല്‍ പറഞ്ഞു.
 
മെക്‌സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതിയേര്‍പ്പെടുത്തുകവഴി വര്‍ഷം 1000 കോടി ഡോളര്‍ (69,000 കോടിരൂപ) ലഭിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് ഷോണ്‍ സ്‌പൈസര്‍ പറഞ്ഞു. എന്നാല്‍, പണം കണ്ടെത്താനുള്ള പലവഴികളില്‍ ഒന്നുമാത്രമാണ് നികുതിയെന്ന്‌ ൈവറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രീബസ് പിന്നീടുപറഞ്ഞു.

വര്‍ഷം 30,000 കോടി ഡോളറിന്റെ സാധനങ്ങളാണ് മെക്‌സിക്കോയില്‍നിന്ന് യു.എസ്. ഇറക്കുമതിചെയ്യുന്നത്. നികുതിവഴി മതിലിന് പണംമുടക്കുന്നതിനോട് ഭൂരിപക്ഷം മെക്‌സിക്കോക്കാര്‍ക്കും എതിര്‍പ്പാണ്. ഇത് അനാവശ്യവും മനുഷ്യത്വരഹിതവും പ്രയോജനമില്ലാത്തതും ചെലവേറിയതുമാണെന്നാണ് അവരുടെ വാദം.
 
മെക്‌സിക്കന്‍പ്രസിഡന്റ് യു.എസ്. സന്ദര്‍ശനം റദ്ദാക്കിയത് പരസ്​പരധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ട്രംപ് പറഞ്ഞു. മെക്‌സിക്കോ അമേരിക്കയോട് മര്യാദയ്ക്ക് പെരുമാറാത്തിടത്തോളം കൂടിക്കാഴ്ചകൊണ്ട് ഗുണമില്ലെന്ന് ട്രംപ് പറഞ്ഞു. അതിര്‍ത്തിസംരക്ഷണം ശക്തമാക്കാന്‍ 10,000 ഉദ്യോഗസ്ഥരെ നിയമിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.

ജനപ്രീതി 36 ശതമാനം മാത്രം
ട്രംപിന്റെ ആദ്യ അഞ്ചുദിവസത്തെ പ്രവൃത്തികളെ 36 ശതമാനം യു.എസ്. പൗരര്‍മാത്രമേ അംഗീകരിച്ചിട്ടുള്ളൂവെന്ന് സര്‍വേഫലം. ക്വിനിപിയാക് സര്‍വകലാശാലയാണ് സര്‍വേ നടത്തിയത്. 44 ശതമാനം പേര്‍ വിയോജിച്ചപ്പോള്‍ 19 ശതമാനം അഭിപ്രായം പറഞ്ഞില്ല.
 
ഐ.എസ്. ഭീകരര്‍ വൃത്തികെട്ട എലികള്‍
 
വാഷിങ്ടണ്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഭീകരര്‍ കുടിലരായ വൃത്തികെട്ട എലികളാണെന്ന് ട്രംപ്. ഫോക്‌സ് ന്യൂസ് ചാനലിനുനല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ പറഞ്ഞത്. ഐ.എസിനെതിരായ പോരാട്ടത്തില്‍ യു.എസ്. ജയിക്കാന്‍പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.