പാരീസ്: ഏഷ്യ-പസഫിക് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ ബ്രിട്ടണും യു.എസും ഓസ്‌ട്രേലിയയും ചേർന്ന് ഒപ്പുവെച്ച പുതിയ പ്രതിരോധ, സുരക്ഷാ കരാറിനെതിരേ കടുപ്പിച്ച് ഫ്രാൻസ്. കരാറിൽ യു.എസും ഓസ്ട്രേലിയയും കള്ളം പറയുന്നതായും അതിനാലാണ് ഇരുരാജ്യങ്ങളിൽനിന്നുള്ള സ്ഥാനപതികളെയും തിരിച്ചുവിളിച്ചതെന്നും ഫ്രഞ്ച് വിദേശമന്ത്രി ജീൻ വൈവെസ് ലെ ദ്രിയാൻ വ്യക്തമാക്കി. വിശ്വാസവഞ്ചനയും ഇരട്ടത്താപ്പുമാണ് ഈ രാജ്യങ്ങൾ നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ ദേശീയ താത്പര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രതികരിച്ചു.

ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കുന്നതിനുള്ള യു.എസ്. സാങ്കേതികവിദ്യ ഓസ്‌ട്രേലിയക്ക് കൈമാറുന്നതാണ് കരാർ. ഇതോടെ 12 അന്തർവാഹിനികൾ നിർമിച്ചുനൽകുന്നതുമായി ബന്ധപ്പെട്ട് ഫ്രാൻസുമായുണ്ടാക്കിയ കരാറിൽനിന്നും ഓസ്ട്രേലിയ പിന്മാറിയിരുന്നു. പിന്നാലെ വിമർശനവുമായി രംഗത്തെത്തിയ ഫ്രാൻസ് യു.എസിലെയും ഓസ്ട്രേലിയയിലെയും സ്ഥാനപതികളെ തിരികെ വിളിച്ചിരുന്നു.