വാഷിങ്ടൺ: മഹാമാരിക്കൊപ്പം ജീവിച്ച ഒരു കൊല്ലത്തിലേറെ, ദൈനംദിനജീവിതത്തിന്റെ ഭാഗമായിരുന്ന മാസ്കിനുള്ള ഇളവ്‌ യു.എസിൽ കോവിഡ് പ്രതിരോധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ആരോഗ്യരംഗം കാണുന്നത്. വ്യാഴാഴ്ചയാണ് യു.എസ്. ആരോഗ്യവകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കുന്നത്. പ്രായപൂർത്തിയായ 60 ശതമാനത്തോളംപേർക്ക് വാക്സിന്റെ ഒരു ഡോസെങ്കിലും നൽകാനായിട്ടുണ്ടെന്ന ആത്മവിശ്വാസമാണ് ഇങ്ങനൊരു തീരുമാനമെടുക്കാൻ യു.എസിന് ധൈര്യം പകർന്നത്. 12-നും 15-നും ഇടയിൽ പ്രായമുള്ളവർക്ക്‌ ഫൈസർ വാക്സിൻ ഉടൻ നൽകിത്തുടങ്ങുകയും ചെയ്യും.

കോവിഡ് വന്നതോടെ നിർത്തിവെച്ച കാര്യങ്ങളിൽ, വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ധൈര്യമായി ഏർപ്പെടാമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി.) ഡയറക്ടർ റോച്ചെൽ വെലെൻസ്കി പറഞ്ഞു. 5.8 ലക്ഷം അമേരിക്കക്കാരുടെ ജീവൻകവർന്ന കോവിഡിനെതിരേ നമ്മൾ വലിയ വിജയം നേടിയിരിക്കുന്നുവെന്ന് വൈറ്റ്ഹൗസിൽ നടത്തിയ വികാരനിർഭരമായ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. ‘‘ഇതൊരു വലിയ നാഴികക്കല്ലാണ്. വാക്സിനെടുക്കാത്തവർ ഇപ്പോഴും ഭീഷണിയിലായതിനാൽ അവർ മുഖാവരണം തുടരുക’’ -അദ്ദേഹം പറഞ്ഞു.

content highlights:us allows fully vaccinated people to forgo mask