ബാഗ്ദാദ്: ഇറാന്റെ ഉന്നത സൈനികമേധാവി മേജർ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുപിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും യു.എസ്. പ്രകോപനം. ശനിയാഴ്ച രാവിലെ ബാഗ്ദാദിൽ യു.എസ്. വ്യോമാക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി ഇറാഖി സൈനികോദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ, യു.എസ്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇറാഖിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള ബ്രിഗേഡിന്റെ ശക്തികേന്ദ്രങ്ങളായിരുന്നു യു.എസ്. ലക്ഷ്യംവെച്ചതെന്നാണ് പറയുന്നത്. വടക്കൻ ബാഗ്ദാദിലെ ടാജി റോഡിലുണ്ടായ ആക്രമണത്തിൽ രണ്ട് കാർ തകർന്നതായും ഒട്ടേറേപേർക്ക് പരിക്കേറ്റതായും വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
ഇറാന്റെ സൈനികവിഭാഗമായ റെവല്യൂഷണറി ഗാർഡിന്റെ ഖുദ്സ് വിഭാഗം മേധാവി മേജർ ജനറൽ ഖാസിം സുലൈമാനിയടക്കം ഏഴുപേരെ വെള്ളിയാഴ്ചയാണ് ബാഗ്ദാദിൽ വ്യോമാക്രമണത്തിൽ യു.എസ്. വധിച്ചത്. അതിനുപിന്നാലെ ബാഗ്ദാദിൽ വീണ്ടും യു.എസ്. ആക്രമണം നടത്തിയത് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്.
യു.എസിന്റെ അതിരുവിട്ട ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇതേത്തുടർന്ന് പശ്ചിമേഷ്യയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കാൻ യു.എസ്. തീരുമാനിച്ചു. 3500 പേരെ ഉടൻ അയക്കാനാണ് തീരുമാനം. സുലൈമാനിയെ വധിച്ചതിലൂടെ യു.എസ്. ഒരു യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണെന്നാണ് യു.എന്നിലെ ഇറാൻ നയതന്ത്രപ്രതിനിധി മജീദ് തഖ്ത് പറഞ്ഞത്.
യു.എസിന്റെ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ കഴിഞ്ഞദിവസംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്രഭീകരവാദമെന്നാണ് യു.എസ്. ആക്രമണത്തെ ഇറാൻ വിശേഷിപ്പിച്ചത്. തിരിച്ച് ഒരു ആക്രമണമുണ്ടായാൽ അതിന്റെ അനന്തരഫലങ്ങളുടെ ഉത്തരവാദിത്വം യു.എസിന് മാത്രമായിരിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ജവാദ് സരിഫും പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിൽ ഇറാൻ ലക്ഷ്യമിടുന്ന ആക്രമണപദ്ധതികൾ തടയാനായിരുന്നു സുലൈമാനിയെ ലക്ഷ്യമിട്ട് ബാഗ്ദാദിൽ വ്യോമാക്രമണം നടത്തിയതെന്നാണ് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. യുദ്ധം തുടങ്ങാനല്ല, അവസാനിപ്പിക്കാനായിരുന്നു ആ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുലൈമാനിക്ക് ന്യൂഡല്‍ഹി ഭീകരാക്രമണത്തിലും പങ്കെന്ന് ട്രംപ്
ലോസ് ആഞ്ജലിസ്: വ്യോമാക്രമണത്തിലൂടെ തങ്ങള്‍ കൊലപ്പെടുത്തിയ ഇറാന്റെ മേജര്‍ ജനറല്‍ ഖാസിം സുലൈമാനി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലും ഭീകരാക്രമണം നടത്തിയതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ''ഒട്ടേറേ നിരപരാധികളെ കൊലപ്പെടുത്താന്‍ സുലൈമാനി ഗൂഢാലോചന നടത്തി. ന്യൂഡല്‍ഹിയും ലെബനനുമെല്ലാം ഇയാളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്'' -ഫ്‌ലോറിഡയിലെ പാം ബീച്ചില്‍ മാര്‍ എ ലഗോ റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു. സുലൈമാനിയുടെ നേതൃത്വത്തിലുള്ള ഭീകരവാദം ഇന്ന് നമ്മള്‍ അവസാനിപ്പിച്ചിരിക്കയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യയില്‍ സുലൈമാനി പദ്ധതിയിട്ട ഭീകരാക്രമണം ഏതാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല. 2012-ല്‍ ഇസ്രയേല്‍ പ്രതിരോധ-നയതന്ത്ര ഉദ്യോഗസ്ഥന്റെ ഭാര്യ തല്‍ യെഹോഷ്വ കൊറെന്‍ സഞ്ചരിച്ച കാറിനുനേരേയുണ്ടായ ബോംബാക്രമണമാണ് അദ്ദേഹം സൂചിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
2012 ഫെബ്രുവരി 13-നുണ്ടായ ബോംബാക്രമണത്തില്‍ താല്‍ യെഹോഷ്യ കൊറെന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് അവര്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. അവരുടെ കാര്‍ ഡ്രൈവര്‍ക്കും ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്കും പരിക്കേറ്റിരുന്നു. കാന്തം ഉപയോഗിച്ച് കാറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഇറാനാണ് ആക്രമണത്തിനു പിന്നിലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹു അന്ന് ആരോപിച്ചിരുന്നു. ജോര്‍ജിയയിലും സമാനരീതിയില്‍ ആക്രമണം നടന്നിരുന്നു.
Content Highlights; us air strike in baghdad, 6 killed