വാഷിങ്ടൺ: മെക്സിക്കോ അതിർത്തിയിൽ മതിൽകെട്ടാനുള്ള പണമുണ്ടാക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള യു.എസ്. പ്രസിഡന്റ് ട്രംപിന്റെ തീരുമാനത്തിനെതിരേ 16 സംസ്ഥാനങ്ങൾ കോടതിയിൽ. വെള്ളിയാഴ്ചയാണ് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് അറിയിച്ചത്. ഇതിനെതിരേ കൊളൊറാഡോ, കണറ്റിക്കട്ട്, ഡെലാവെയർ, ഹവായി, ഇലിനോയ്, മെയ്ൻ, മേരിലൻഡ്, മിനസോട്ട, നെവാദ, ന്യൂ ജെഴ്സി, ന്യൂ മെക്സിക്കോ, ന്യൂയോർക്ക്, ഒറിഗൻ, വെർജീനിയ, മിഷിഗൻ എന്നീ സംസ്ഥാനങ്ങളുൾപ്പെട്ട സഖ്യമാണ് കേസുകൊടുത്തത്.

ട്രംപിന്റെ അടിയന്തരാവസ്ഥാപ്രഖ്യാപനവും അതിന്റെ അടിസ്ഥാനത്തിൽ ഫണ്ട് വകമാറ്റുന്നതും ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ചാണ് ഇവ സംയുക്തമായി കാലിഫോർണിയയിലെ നോർത്തേൺ ഡിസ്ട്രിക്ട് കോടതിയിൽ ഹർജി നൽകിയത്. ദേശീയ അടിയന്തരാവസ്ഥ നിയമമനുസരിച്ച്, വിവിധ വകുപ്പുകളുടെ ഫണ്ട് പ്രസിഡന്റ് ഉദ്ദേശിക്കുന്ന ആവശ്യത്തിനായി വകമാറ്റാം. മതിലുപണിയാൻ ട്രംപ് ആവശ്യപ്പെട്ട 570 കോടി ഡോളർ (ഏകദേശം 40,000 കോടി രൂപ) കോൺഗ്രസ് അനുവദിക്കാഞ്ഞതിനാലാണ് ട്രംപ് അടിയന്തരാവസ്ഥയുമായെത്തിയത്. ഇതിന്റെ പേരിൽ പ്രതിരോധാവശ്യത്തിനും മറ്റുമുള്ള ഫണ്ട് മതിലുപണിക്കായി വകമാറ്റാനാണ് അദ്ദേഹത്തിന്റെ ഉദ്ദേശ്യം.

പ്രസിഡന്റ് പദവി ട്രംപ് ദുരുപയോഗംചെയ്യുന്നത് തടയണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിൽനിന്ന് ട്രംപ് പിന്മാറണം. കോൺഗ്രസ് അനുവദിക്കുന്ന ഫണ്ട് സ്വന്തംപദ്ധതിക്കായി ചെലവഴിക്കാൻ ട്രംപിന് അധികാരമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം മെക്സിക്കോ അതിർത്തിയിൽ ഇല്ലെന്നും പരാതിയിൽപറയുന്നു.

ജനങ്ങളെയും പ്രകൃതിവിഭവങ്ങളെയും സാമ്പത്തികതാത്പര്യങ്ങളെയും സംരക്ഷിക്കുകയാണ് ഹർജിയുടെ ലക്ഷ്യമെന്നും ഫണ്ട് വകമാറ്റാനുള്ള ട്രംപിൻറെ തീരുമാനം തങ്ങൾക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടമുണ്ടാക്കുമെന്നും സംസ്ഥാനങ്ങൾ ആരോപിക്കുന്നു. പരാതിയോട് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.