വാഷിങ്ടൺ: ഒട്ടേറെ കൗതുകങ്ങളും ചരിത്രങ്ങളും എഴുതിച്ചേർത്തതാണ് ബുധനാഴ്ച പുറത്തുവന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പ് ഫലം. പ്രതിനിധിസഭയിലെ ഡെമോക്രാറ്റുകളുടെ വിജയവും സെനറ്റിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ രക്ഷപ്പെടലും രാഷ്ട്രീയകാരണങ്ങളാൽ വാർത്താപ്രാധാന്യം നേടുമ്പോൾ വ്യത്യസ്തകാരണങ്ങളാൽ വാർത്തയിലും ചരിത്രത്തിലും ഇടംനേടിയ മറ്റുചിലതുണ്ട്.
റെക്കോഡ് നേടി വനിതാസ്ഥാനാർഥികൾ
യു.എസ്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വനിതാ അംഗങ്ങളെ എത്തിച്ച തിരഞ്ഞെടുപ്പായാകും 2018-ലെ ഇടക്കാല തിരഞ്ഞെടുപ്പ് അറിയപ്പെടുക. ഇരുസഭകളിലുമായി 107 വനിതാ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുമെന്ന് അവസാനവട്ട ഫലസൂചനകൾ വ്യക്തമാക്കുന്നു. 1992-ലെ ഇടക്കാല തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട വനിതാ അംഗങ്ങളേക്കാൾ ഇരട്ടിയാണിത്.
കോൺഗ്രസ് ചരിത്രത്തിലെ ‘ബേബി’യായി അലക്സാൻഡ്രിയ
യു.എസ്. കോൺഗ്രസിന്റെ ചരിത്രത്തിൽ ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടവരിൽ വെച്ചേറ്റവും പ്രായംകുറഞ്ഞ വനിതാ അംഗമെന്ന ബഹുമതി അലക്സാൻഡ്രിയ ഒക്കാസിയോ കോർട്ടേസിന്. ന്യൂയോർക്കിൽനിന്നാണ് ഇവർ പ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മുസ്‍ലിംവനിതകൾ കോൺഗ്രസിൽ
സൊമാലിയയിൽനിന്നുള്ള അഭയാർഥിയായ ഇൽഹാൻ ഒമറും പലസ്തീൻ കുടിയേറ്റക്കാരിയായ റാഷിദാ താലിബും യു.എസ്. കോൺഗ്രസിൽ രചിച്ചത് പുതുചരിതം. യു.എസ്. സഭകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ മുസ്‍ലിം വനിതകളാണ് ഇവർ. ഡെമോക്രാറ്റിക് അംഗങ്ങളായ ഇരുവരും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാട്ടം നയിക്കുന്നവരാണ്.
ഗവർണർസ്ഥാനത്തേക്ക് സ്വവർഗാനുരാഗി
സ്വവർഗാനുരാഗിയാണ് താനെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഡെമോക്രാറ്റിക് അംഗം ജാരെദ് പോളിസ് കോളറാഡോയിൽനിന്ന് ഗവർണർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.