യുദ്ധമേഖലയിൽ വാർത്താവിനിമയം സുഗമമാക്കാൻ സൈനികരുടെ പല്ലിൽ ഘടിപ്പിക്കുന്ന ഫോൺ സംവിധാനവുമായി അമേരിക്കൻ വ്യോമസേന. 100 കോടിരൂപയോളം ചെലവുവരുന്ന മോളാർ മൈക്ക് സംവിധാനം വികസിപ്പിച്ചിരിക്കുന്നത് സൊണിറ്റസ് ടെക്‌നോളജീസ് എന്ന കമ്പനിയാണ്.

പല്ലിന്റെ പ്രകമ്പനങ്ങളെ ശബ്ദതരംഗങ്ങളാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അണപ്പല്ലിൽ ക്ലിപ്പ് ചെയ്തുവെക്കുന്ന മൗത്ത്പീസ്, പ്രതികൂല അന്തരീക്ഷത്തിലും ശബ്ദം പകർത്തിയെടുക്കുന്നു. അസ്ഥിയിലൂടെ ശബ്ദപ്രവാഹം നടത്താവുന്ന സ്പീക്കർ സംവിധാനത്തിലൂടെയാണ് ചെവിയിലേക്കും പല്ലിലേക്കും ശബ്ദതരംഗങ്ങൾ എത്തുന്നത്. വെള്ളത്തെ പ്രതിരോധിക്കുന്ന മൈക്രോഫോണും വയർലെസ് റീച്ചാർജബിൾ ബാറ്ററിയുമാണ് മോളാർ മൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

വെള്ളത്തിനടിയിലും ആകാശത്തും എന്നുവേണ്ട ജീവൻരക്ഷാ മുഖംമൂടി ധരിച്ചിരിക്കുന്ന അവസ്ഥയിൽപോലും മോളാർമൈക്കിലൂടെ വാർത്താവിനിമയം സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.