യുണൈറ്റ‍ഡ് നേഷൻസ്: അഫ്ഗാനിസ്താനിലെ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഇന്ത്യയുടെ അധ്യക്ഷതയിൽ ഐക്യരാഷ്ട്രസഭ സമിതി വെള്ളിയാഴ്ച യോഗം ചേരും. അഫ്ഗാൻ വിദേശമന്ത്രി മുഹമ്മദ് ഹനീഫ് അത്‌മർ, വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറുമായി നടത്തിയ ചർച്ചയ്‌ക്കു പിന്നാലെയാണ് നടപടി.

തീരുമാനത്തെ സ്വാഗതംചെയ്ത മുഹമ്മദ് ഹനീഫ് ഇന്ത്യക്കുള്ള നന്ദി അറിയിച്ചു. അഫ്ഗാനിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗം ചർച്ചചെയ്യുമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയും ഓഗസ്റ്റ് മാസത്തിലെ സമിതി അധ്യക്ഷനുമായ ടി.എസ്. തിരുമൂർത്തി അറിയിച്ചു.

സമിതിയുടെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷപദം കഴിഞ്ഞ ഞായറാഴ്ചയാണ് ഇന്ത്യ ഏറ്റെടുത്തത്. ഇതോടെ ഈ മാസത്തെ അജൻഡ തീരുമാനിക്കാനുള്ള അവസരവും ഇന്ത്യക്ക്‌ ലഭിച്ചിരുന്നു.

സമാധാനപ്രക്രിയയിൽ യു.എന്നിനും അന്താരാഷ്ട്രസമൂഹത്തിനും പ്രധാന പങ്കു വഹിക്കാനുണ്ടെന്ന് അഫ്ഗാൻ സർക്കാർ പ്രതികരിച്ചു. രാജ്യത്തെ നിലവിലെ സ്ഥിതിഗതികളിൽ ഇന്ത്യ ആശങ്കാകുലരാണെന്നും അഫ്ഗാനിൽ സമാധാനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്നും തിരുമൂർത്തി വ്യക്തമാക്കി.