യുണൈറ്റഡ് നേഷന്‍സ്: വംശഹത്യയും യുദ്ധക്കുറ്റങ്ങളും വംശീയ ഉന്മൂലനവും മനുഷ്യവംശത്തിനുനേരേയുള്ള കുറ്റങ്ങളും തടയുന്നകാര്യം യു.എന്‍. പൊതുസഭയില്‍ ചര്‍ച്ചചെയ്യുന്നതിനെ ഇന്ത്യ അനുകൂലിച്ചു. 12 വര്‍ഷത്തിനുശേഷമാണ് ഇങ്ങനെയൊരു ചര്‍ച്ച വരുന്നത്.

ഇന്ത്യയടക്കം 113 രാജ്യങ്ങള്‍ ചര്‍ച്ചയെ അനുകൂലിച്ചു. പാകിസ്താനുള്‍പ്പെടെ 21 രാജ്യങ്ങള്‍ എതിര്‍ത്തു. 17 രാജ്യങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.

എല്ലാവിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്ന തുറന്നതും സുതാര്യവുമായ ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്ദ് അക്ബറുദ്ദിന്‍ പറഞ്ഞു.

സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം എല്ലാരാജ്യത്തിന്റെയും ഒന്നാമത്തെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഊന്നിയുള്ള ചര്‍ച്ചയാണ് ഉദ്ദേശിക്കുന്നതെന്നും ഏതെങ്കിലും രാജ്യത്തെ സാഹചര്യം അടിസ്ഥാനമാക്കിയുള്ളതല്ലെന്നും അക്ബറുദ്ദിന്‍ പറഞ്ഞു. ചര്‍ച്ചയ്‌ക്കൊടുവില്‍ എന്തെങ്കിലും പ്രമേയം പാസാക്കാന്‍ ഇടയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന 72-ാം പൊതുസഭായോഗമാകും ഇക്കാര്യം ചര്‍ച്ച ചെയ്യുക. ഈ മാസം 12-നു ചേര്‍ന്ന പൊതുസഭായോഗം 25 വരെ നടക്കും.