ലണ്ടൻ: ബ്രിട്ടനിലെ എസെക്സ് കൗണ്ടിയിൽ വോട്ടർമാരുമായി ആശയവിനിമയം നടത്തുന്നതിനിടെ പാർലമെന്റ് അംഗം കുത്തേറ്റുമരിച്ചു. കൺസർവേറ്റീവ് പാർട്ടി എം.പി. ഡേവിഡ് എയിംസ് (69) ആണ് ലിയാൻസെയിലെ പള്ളിയിൽവെച്ച് കൊല്ലപ്പെട്ടത്.

25 വയസ്സുകാരനായ അക്രമിയെ പോലീസ് അറസ്റ്റുചെയ്തു. പ്രാദേശികസമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.05-ഓടെയാണ് സംഭവം. നിയോജകമണ്ഡലത്തിലെ വോട്ടർമാരുടെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനിടെ അക്രമി എയിംസിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരുകയാണെന്ന്‌ പോലീസ് അറിയിച്ചു. ആശുപത്രിയിലെത്തിക്കാൻ രണ്ടുമണിക്കൂറോളം എടുത്തത് എയിംസിൻറെ ആരോഗ്യനില മോശമാകാൻ കാരണമായതായി ആക്ഷേപമുയർന്നിട്ടുണ്ട്.

സൗത്ത്എൻഡ് വെസ്റ്റിൽനിന്നുള്ള ജനപ്രതിനിധിയായ എയിംസ്, 1983-മുതൽ പാർലമെന്റ് അംഗമാണ്. ഗർഭച്ഛിദ്രത്തിനെതിരായി കടുത്ത നിലപാടുകൾ സ്വീകരിച്ചിരുന്നു. സൗത്ത്എൻഡ് നഗരം രൂപവത്‌കരിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രചാരണം നടത്തിയിരുന്നു. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ ഉൾപ്പെടെയുള്ള പ്രമുഖനേതാക്കൾ എയിംസിന്റെ കൊലപാതകത്തിൽ നടുക്കം രേഖപ്പെടുത്തി.