ലണ്ടൻ/റോം: ബ്രിട്ടനും ഇറ്റലിയും കോവിഡ് നിയന്ത്രണങ്ങൾ നീക്കി തുറക്കലിന്റെ പാതയിൽ. അടുത്തയാഴ്ചത്തെ കോവിഡ് കണക്കുകൾകൂടി വിലയിരുത്തി തൃപ്തികരമാണെങ്കിൽ ജൂലായ് 19-ഓടെ ലോക്ഡൗൺ പിൻവലിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ എണ്ണംകൂടി വിലയിരുത്തിയശേഷമായിരിക്കും നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യമന്ത്രി മാട്ട് ഹാൻകോക്ക് പറഞ്ഞു.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച യൂറോപ്യൻ രാജ്യങ്ങളിലൊന്നായ ഇറ്റലി അടുത്ത തിങ്കളാഴ്ചമുതൽ മാസ്ക് നിർബന്ധമല്ലാതാക്കിയിട്ടുണ്ട്. വൈറസിന്റെ തീവ്രത കുറഞ്ഞ മേഖലകളായ ‘വൈറ്റ് സോണുകളിൽ’ മാസ്ക് നിർബന്ധമായിരിക്കില്ലെന്ന് ആരോഗ്യമന്ത്രി റോബേർട്ടോ സ്പെരാൻസ പറഞ്ഞു. ആൾക്കൂട്ടങ്ങളിലെത്തുമ്പോൾ അത്യാവശ്യഘട്ടങ്ങളിലുപയോഗിക്കാൻ മുൻകരുതലെന്ന നിലയിൽ മാസ്ക് കൈയിൽ കരുതാനും നിർദേശമുണ്ട്. ഇറ്റലിയിൽ 12 വയസ്സിനുമുകളിൽ പ്രായമുള്ള 30 ശതമാനം പേർക്കും വാക്സിൻ നൽകിക്കഴിഞ്ഞു.

ബ്രിട്ടനിൽ കഴിഞ്ഞ ആഴ്ചകളിലായി രോഗികളുടെ എണ്ണവും മരണനിരക്കും കുറയുകയാണ്. തിങ്കളാഴ്ച 10,633 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വാക്സിന്റെ രണ്ടു ഡോസുമെടുത്ത ബ്രിട്ടീഷ് പൗരന്മാർക്ക് വൈകാതെ യൂറോപ്യൻ രാജ്യങ്ങളിലെവിടെയും ബീച്ചുകളിൽ പ്രവേശിക്കാനാവും.

Content Highlights: UK Italy restrictions