ലണ്ടൻ: തിരഞ്ഞെടുപ്പിന് നാലുദിവസംമാത്രം ശേഷിക്കേ, ബ്രിട്ടൻ പ്രചാരണച്ചൂടിൽ. വ്യാഴാഴ്ചയാണ് പാർലമെന്റ് തിരഞ്ഞെടുപ്പ്. മൂന്നുവർഷത്തിനിടെ ഇത് രണ്ടാംതവണയാണ് രാജ്യം തിരഞ്ഞെടുപ്പ് നേരിടുന്നത്.
ലേബർ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയാണ് മൂന്നാം വലിയശക്തി. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസണും പ്രതിപക്ഷനേതാവ് ജെറമി കോർബിനുമാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രധാനികൾ. സ്കോട്ട്‌ലൻഡിൽ പ്രാദേശിക കക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയാണ് രണ്ടുപാർട്ടികളുടെയും പ്രധാന എതിരാളികൾ.
സാമൂഹികമാധ്യമങ്ങളിലൂടെയും ടെലിവിഷൻ പോലുള്ള മാധ്യമങ്ങളിലൂടെയുമാണ് പ്രധാന പ്രചാരണം. പ്രചാരണപത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ ആവർത്തിച്ചും പാർട്ടിയുടെ നയങ്ങൾ വിശദീകരിച്ചുമാണ് പ്രചാരണം മുന്നോട്ടുപോവുന്നത്.
ബ്രെക്സിറ്റ് തന്നെയാണ് പ്രധാനവിഷയമായി ബോറിസ് ജോൺസൺ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നത്. ജോൺസണും കോർബിനും പങ്കെടുത്ത അവസാന ടെലിവിഷൻ സംവാദത്തിലും ബ്രെക്സിറ്റിന്റെ പേരിലായിരുന്നു ഏറ്റുമുട്ടൽ. എന്തുവിലകൊടുത്തും ജനുവരിയിൽതന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുമെന്നാണ് ജോൺസൺ ആവർത്തിച്ചത്. എന്നാൽ സമഗ്ര ആരോഗ്യനയമാണ് കോർബിൻ എടുത്തുകാട്ടിയത്. അതേസമയം, പ്രധാനപാർട്ടികൾ രാജ്യസുരക്ഷ, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. ലണ്ടൻ ബ്രിഡ്ജ് ആക്രമണമാണ് വിമർശകർ ഇക്കാര്യത്തിൽ എടുത്തുകാട്ടുന്നത്.
സംവാദത്തിനുശേഷം നടന്ന സർവേയിൽ 52 ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോൺസണെയാണ് തിരഞ്ഞെടുത്തത്. ഇംഗ്ലണ്ടിലും വെയിൽസിലും നേട്ടമുണ്ടാക്കുന്നവർക്കാണ് ഭരണത്തിലെത്താൻ കഴിയുക.
നഗരങ്ങളിൽ ധാരാളമായി ചേക്കേറിയിട്ടുള്ള കുടിയേറ്റക്കാരും ഇടത്തരക്കാരുമാണ് വോട്ടർമാരിൽ പ്രധാന ശക്തി. ഇവർ ആർക്കൊപ്പം നിൽക്കുമെന്നതാണ് ഒരുപരിധിവരെ ജയപരാജയങ്ങളെ നിശ്ചയിക്കുക. 15 ലക്ഷത്തോളം ഇന്ത്യക്കാരും പത്തുലക്ഷത്തോളം പാകിസ്താൻ കാരും യു.കെ.യിലുണ്ട്.
Content Highlights: UK general election