ദുബായ്: യു.എ.ഇ. രണ്ടാം ബഹിരാകാശ ദൗത്യത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി. ആദ്യ അറബ് സ്ത്രീയടക്കം പുതിയ രണ്ട് ബഹിരാകാശ യാത്രികരെക്കൂടി യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ശനിയാഴ്ച പ്രഖ്യാപിച്ചു. നോറ അൽ മത്രൂഷിയാണ് യു.എ.ഇ. ബഹിരാകാശത്തേക്ക് അയക്കുന്ന ആദ്യ അറബ് സ്ത്രീ. മുഹമ്മദ് അൽ മുല്ലയാണ് പുതുതായി തിരഞ്ഞെടുത്ത രണ്ടാം യാത്രികൻ. ഇതോടെ യു.എ.ഇ. ഇതുവരെ പ്രഖ്യാപിച്ച ബഹിരാകാശ സഞ്ചാരികളുടെ എണ്ണം നാലായി. 4,305 അപേക്ഷകരിൽനിന്ന് നിരവധി ഘട്ടങ്ങളിലൂടെയാണ് ഇവരെ തിരഞ്ഞെടുത്തത്. ഇരുവരും അമേരിക്കയിൽ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ പരിശീലനം നടത്തും.

യു.എ.ഇയുടെ പേരും യശസ്സും ആകാശത്തോളം ഇനിയും ഉയർത്താൻ ഇവർക്ക് സാധിക്കട്ടെയെന്നും ശൈഖ് മുഹമ്മദ് ആശംസിച്ചു. 2019 സെപ്റ്റംബർ 25-ന് മേജർ ഹസ്സ അൽ മൻസൂരിയാണ് യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികനായത്. ഹസ്സയ്ക്ക് പറക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ പകരം ദൗത്യം നിറവേറ്റാൻ തുല്യപരിശീലനം നൽകി പ്രഖ്യാപിച്ചയാളായിരുന്നു ഡോ. സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19-ാം രാജ്യമാണ് യു.എ.ഇ.

Content Highlight: UAE names its first female astronaut